2025ല്‍ തുര്‍ക്കി ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തുമെന്ന് 2017ല്‍ എനിക്ക് എങ്ങനെ അറിയാം? എന്നെ ആവശ്യമില്ലാതെ വിമര്‍ശിക്കുകയാണ്: ആമിര്‍ ഖാന്‍
Entertainment
2025ല്‍ തുര്‍ക്കി ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തുമെന്ന് 2017ല്‍ എനിക്ക് എങ്ങനെ അറിയാം? എന്നെ ആവശ്യമില്ലാതെ വിമര്‍ശിക്കുകയാണ്: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 8:55 pm

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. 30 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ വേഷപ്പകര്‍ച്ച കൊണ്ട് അദ്ദേഹം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. എന്നാല്‍ പലപ്പോഴും താരം വിവാദങ്ങളുടെ ഭാഗമായിട്ടുണ്ട്.

പി.കെ എന്ന സിനിമക്ക് ശേഷം ആമിര്‍ ഖാന് നേരെ പലപ്പോഴും സംഘപരിവാര്‍ അനുകൂലസംഘടനകള്‍ രംഗത്തെത്തിയിരുന്നു. താരം രാജ്യവിരുദ്ധനാണെന്നും അയാളുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നെല്ലാം പലരും അഭിപ്രായപ്പെട്ടിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്താനെ പിന്തുണച്ച് തുര്‍ക്കി രംഗത്തെത്തിയോടെ ആമിര്‍ ഖാന്‍ പുതിയ വിവാദത്തിന്റെ ഭാഗമായി. താരം പണ്ട് തുര്‍ക്കി സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയും പുതിയ ചിത്രമായ സിതാരേ സമീന്‍ പറിന് നേരെ ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഉയരുകയും ചെയ്തു.

ഇപ്പോഴിതാ അത്തരം വിവാദങ്ങളോട് പ്രതികരിക്കുകയാണ് ആമിര്‍ ഖാന്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് തുര്‍ക്കി പാകിസ്താനെ പിന്തുണച്ചത് തെറ്റാണെന്നാണ് തന്റെ അഭിപ്രായമെന്ന് താരം പറഞ്ഞു. താന്‍ ഏത് രാജ്യം സന്ദര്‍ശിച്ചാലും തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചാണ് ചെല്ലാറുള്ളതെന്നും അതുമായി ബന്ധപ്പെട്ട് പലരെയും കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു.

പണ്ട് എടുത്ത ചിത്രങ്ങള്‍ കാരണം തന്നെ ട്രോളുന്നത് ശരിയാണോയെന്നും ആമിര്‍ ഖാന്‍ ചോദിക്കുന്നു. 2025ല്‍ തുര്‍ക്കി പാകിസ്താനെ പിന്തുണക്കുമെന്നും ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തുമെന്നും 2017ല്‍ തനിക്ക് അറിയില്ലായിരുന്നെന്നും താരം പറഞ്ഞു. സിതാരേ സമീന്‍ പറിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്‍ ചെയ്തത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഏത് രാജ്യം സന്ദര്‍ശിച്ചാലും അവിടെ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചാണ് പോകുന്നത്. എന്റ രാജ്യത്തിന്റെ അംബാസഡറാണ് അവിടെയെല്ലാം ഞാന്‍.

അവിടെ ഒരുപാട് ആളുകളെയും കാണാറുമുണ്ട്, അവരോട് സംസാരിക്കാറുമുണ്ട്. പഴയ ഫോട്ടോസ് വെച്ച് എന്നെ ഇപ്പോഴും ട്രോളുന്നത് ശരിയായിട്ടുള്ള കാര്യമാണോ? 2017ല്‍ തുര്‍ക്കിയില്‍ പോകുമ്പോള്‍ അവര്‍ 2025ല്‍ ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തുമെന്ന് എനിക്ക് എങ്ങനെ അറിയാം.’ ആമിര്‍ ഖാന്‍ പറഞ്ഞു.

Content Highlight: Aamir Khan about the criticism after Turkey’s support for Pakistan in Operation Sindoor