തിരുവനന്തപുരം: ബി.ജെ.പിയെയും സംഘപരിവാര്‍ ക്യാമ്പിനെയും പ്രതിരോധത്തിലാക്കി മൂന്ന് ആത്മഹത്യകള്‍ സംഭവിച്ചതിന് പിന്നാലെ പ്രതികരണവുമായി രാജ്യസഭാ എം.പി എ.എ റഹീം. താങ്കളുടെ കൈകളില്‍ ചോരയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനോട് എ.എ. റഹീം പറഞ്ഞു.
രണ്ട്, മൂന്ന് മാസങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസ്, ബി.ജെ.പി ചതിയില്‍പെട്ട് ജീവനൊടുക്കുന്ന മൂന്നാമത്തെ ആളാണ് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ. തമ്പിയെന്നും എ.എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. ആനന്ദ് കെ തമ്പിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് എ.എ റഹീം വിമര്‍ശനം ഉന്നയിച്ചത്.
ആര്‍.എസ്.എസ് ക്യാമ്പില്‍ നിന്നും കുട്ടിക്കാലം മുതല്‍ പീഡനം നേരിട്ടതിന്റെ മാനസിക സമ്മര്‍ദം മൂലം ജീവനൊടുക്കിയ കോട്ടയം സ്വദേശിയുടെയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തിരുമല അനിലിന്റെയും ഇന്ന് ജീവനൊടുക്കിയ തിരുവനന്തപുരത്തെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെയും ആത്മഹത്യകളാണ് എ.എ. റഹീം ഉന്നയിച്ചത്.
തിരുമല അനിലിന്റെ ആത്മഹത്യ ബി.ജെ.പിക്ക് വലിയ രീതിയിലുള്ള ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. അനില്‍ അധ്യക്ഷനായ ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി ഓഫീസിലാണ് തിരുമല അനില്‍ ജീവനൊടുക്കിയത്.
വായ്പ എടുത്ത ബി.ജെ.പി നേതാക്കളില്‍ പലരും തിരിച്ചടവ് മുടക്കിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചതും തിരുമല അനിലിന്റെ ജീവന്‍ നഷ്ടമാകുന്നതിലേക്ക് കാര്യങ്ങളെത്തിയതും.
അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ ആര്‍.എസ്.എസ് നേതാവ് നിതീഷ് മുരളീധരനെതിരെ ലൈംഗിക പീഡനം ആരോപിച്ചാണ് കോട്ടയം സ്വദേശിയായ യുവാവ് ജിവനൊടുക്കിയത്.
തിരുവനന്തപുരത്തെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് പിന്നീട് നിതീഷിന്റെ അറസ്റ്റിലേക്കും നയിച്ചിരുന്നു. ഒരു ആര്‍.എസ്.എസുകാരനെയും സുഹൃത്താക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന യുവാവിന്റെ കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം, ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യാക്കുറിപ്പിലും ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് താന്‍ ആര്‍.എസ്.എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നും തന്റെ മൃതദേഹം എവിടെ കുഴിച്ചിട്ടാലും കുഴപ്പമില്ല ഒരു ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലും കാണാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
തനിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് മണ്ണ് മാഫിയയെ സംരക്ഷിക്കാനാണെന്നും ആനന്ദ് ആരോപിച്ചു. ഈ മൂന്ന് ആത്മഹത്യകളും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളിലേക്ക് വിരല്‍ ചൂണ്ടിയതോടെ വരും ദിവസങ്ങളില്‍ പാര്‍ട്ടി നേതൃത്വം വലിയ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
Content Highlight: Rajeev Chandrasekhar; You have blood on your hands; AA Rahim about three suicides that put BJP on the defensive