'മുഖ്യമന്ത്രിയുടെ ഉറപ്പ് ഉണ്ടായിരുന്നു'; വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ശ്രമങ്ങള്‍ക്ക് പിന്തുണ: കാന്തപുരം
Kerala News
'മുഖ്യമന്ത്രിയുടെ ഉറപ്പ് ഉണ്ടായിരുന്നു'; വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ശ്രമങ്ങള്‍ക്ക് പിന്തുണ: കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2022, 2:55 pm

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയില്‍ നിന്ന് പിന്‍മാറിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന്
കാന്തപുരം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും, ഈ ഉറപ്പ് പാലിച്ചതായും കാന്തപുരം പ്രസ്താവനയിലൂടെ പറഞ്ഞു.

വഖഫ് ബോര്‍ഡിലെ വിവിധ തസ്തികകളില്‍ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും പി.എസ്.സിക്ക് വിടുമ്പോള്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു.

അതേസമയം, മുസ്ലിം സമുദായത്തിന്റെ പൊതുവായ നിലപാട് കണക്കിലെടുത്താണ് വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. വിഷയത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിഷയത്തില്‍ മുസ്‌ലിം ലീഗ് വലിയ സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും എല്ലാം മുസ്‌ലിം സംഘടനയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും മുസ്‌ലിം സമുദായത്തിന്റെ പൊതുവായ നിലപാട് കണക്കിലെടുത്താണ് തിരുമാനമെന്നും വിഷയത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അറിയിച്ചിരുന്നു. മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി സഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വഖഫ് നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരും. പി.എസ്.സി നിയമനത്തിന് ഒരു തുടര്‍നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. ലീഗിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത് നിലവിലെ ജീവനക്കാര്‍ക്ക് ജോലി പോകുമെന്നായിരുന്നു.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോള്‍ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്‌നമായി വരികയും ചെയ്തു. വഖഫ് ബോര്‍ഡ് യോഗമാണ് പി.എസ്.സിക്ക് വിടാന്‍ ശിപാര്‍ശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


CONTENT HIGHLIGHTS: A.P. Abubakar Musliar said decision of the state government to withdraw from the process of leaving Waqf appointment to PSC is welcome.