സി.പി.ഐ.എമ്മും സര്‍ക്കാരും മുട്ടുമടക്കി; ഇത് സമര വിജയം: മുസ്‌ലിം ലീഗ്
Film News
സി.പി.ഐ.എമ്മും സര്‍ക്കാരും മുട്ടുമടക്കി; ഇത് സമര വിജയം: മുസ്‌ലിം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2022, 12:46 pm

കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിം ലീഗിന്റെ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമായാണെന്നും, വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ മുസ്‌ലിം ലീഗിനെ നിരന്തരം ആക്ഷേപിച്ച സി.പി.ഐ.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കിയെന്നും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തി മുസ്‌ലിം ലീഗ് നടത്തിയ മഹാപ്രക്ഷോഭത്തിന് ശേഷം മുസ്‌ലിം ലീഗിനെ ആര് ഗൗനിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. എന്നാല്‍ അതേ പിണറായി തന്നെ മുസ്‌ലിം ലീഗിന്റെ പ്രക്ഷോഭത്തെ മാനിച്ച് വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറിയിരിക്കുകയാണ്. വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത് നിയമസഭാ പാര്‍ട്ടി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നും, കേവലം നൂറിലേറെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുന്ന നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം നിയമസഭയില്‍ ഉന്നയിച്ചതായും മുസ്്ലിം ലീഗ് പറഞ്ഞു.

മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷമന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രക്ഷോഭത്തിനാണ് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കിയത്.

കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ മഹാറാലിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ മതസംഘടനാ നേതാക്കള്‍ക്ക് വാക്ക് നല്‍കിയിരുന്നെങ്കിലും ഒന്നും ചെയ്യാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. വൈകിയാണെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

മുസ്‌ലിം ലീഗിന്റെയും വിശ്വാസികളുടെയും പ്രക്ഷോഭങ്ങളുടെ വിജയമാണിത്. ചരിത്രത്തിലൊരിടത്തും ധിക്കാരികളായ ഭരണാധികാരികള്‍ക്ക് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകാനായിട്ടില്ല. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ ചരിത്രമാണ് ധിക്കാരികളായ ഭരണാധികാരികള്‍ക്കുണ്ടായിരിക്കുന്നത് എന്നാണ് പി.എം.എ സലാം ഡൂള്‍ന്യൂസിനോട് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

എന്നാല്‍ വഖഫ് നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും, പി.എസ്.സി നിയമനത്തിന് ഒരു തുടര്‍നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. ലീഗിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത് നിലവിലെ ജീവനക്കാര്‍ക്ക് ജോലി പോകുമെന്നായിരുന്നു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോള്‍ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്‌നമായി വരികയും ചെയ്തു. വഖഫ് ബോര്‍ഡ് യോഗമാണ് പി.എസ്.സിക്ക് വിടാന്‍ ശിപാര്‍ശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മുസ്‌ലിം സംഘടനയിലെ പ്രബല വിഭാഗങ്ങളായ ഇ.കെ- എ.പി സമസ്തകള്‍ക്ക് വിഷയത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. വിഷയത്തില്‍ മുസ്‌ലിം ലീഗ് വലിയ സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും എല്ലാം മുസ്‌ലിം സംഘടനയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നില്ല.

Content Highlight: The Muslim League said that the state government’s withdrawal from the process of leaving Waqf appointments to the PSC was a result of the continuous agitation by the Muslim League