എത്ര ജന്മം കഴിഞ്ഞാലും മറക്കാൻ കഴിയാത്ത സിനിമ; എന്നെ നിർദേശിച്ചത് മോഹൻലാൽ: സംഗീത
Entertainment
എത്ര ജന്മം കഴിഞ്ഞാലും മറക്കാൻ കഴിയാത്ത സിനിമ; എന്നെ നിർദേശിച്ചത് മോഹൻലാൽ: സംഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th June 2025, 3:42 pm

തൊണ്ണൂറുകളില്‍ തമിഴ് മലയാളം, കന്നഡ എന്നീ ഭാഷകളിൽ സജീവമായിരുന്ന നടിയാണ് സംഗീത. ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീത നേടിയിട്ടുണ്ട്.

പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച സംഗീത വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു. 2013ൽ ചാവേർ എന്ന സിനിമയിലൂടെ നടി തിരിച്ചുവരവ് നടത്തി. ഇപ്പോൾ ചിന്താവിഷ്ടയായ ശ്യാമളയെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത.

എത്ര ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമളയെന്നും അത് അവാർഡ് കിട്ടിയതുകൊണ്ട് മാത്രമല്ലെന്നും നടി പറയുന്നു. തൻ്റെ യഥാർത്ഥ പേര് പോലും ആർക്കും അറിയില്ലെന്നും ശ്രീനിവാസൻ പറഞ്ഞത് താൻ അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സംഗീത പറഞ്ഞു.

മോഹൻലാലാണ് ആ സനിമയിലേക്ക് തന്നെ നിർദേശിച്ചതെന്ന് കേട്ടിട്ടുണ്ടെന്നും നാടോടി എന്ന ചിത്രത്തിലാണ് ആദ്ദേഹത്തിനൊപ്പം അഭിനയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു സംഗീത.

‘എത്ര ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. സംസ്‌ഥാന സർക്കാരിൻ്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടിയതുകൊണ്ട് മാത്രമല്ല അത്. ഇപ്പോഴും പലർക്കും ഞാൻ ശ്യാമളയാണ്. സംഗീത എന്ന പേര് പോലും ഓർക്കില്ല. 19 വയസുള്ള എന്നെ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തിൽ അഭിനയിപ്പിച്ചത് ശ്രീനിസാറാണ്. അദ്ദേഹം പറഞ്ഞത് അനുസരിച്ചു. അതേ ഞാൻ ചെയ്തിട്ടുള്ളു.

ലാൽ സാറാണ് ആ സിനിമയിലേക്ക് എന്നെ നിർദേശിച്ചതെന്ന് ഞാൻ കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. ലാൽസാറിനൊപ്പം ‘നാടോടി’യിലാണ് അഭിനയിച്ചത്. അന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്നു. പിന്നെയും നാലഞ്ച് വർഷം കഴിഞ്ഞാണ് ചിന്താവിഷ്‌ടയായ ശ്യാമളയിൽ അഭിനയിച്ചത്,’ സംഗീത പറയുന്നു.

Content Highlight: A movie that cannot be forgotten no matter how many lives have passed says Sangeetha