| Monday, 20th August 2018, 4:08 pm

ഈ മീന്‍പിടുത്തം നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല

എ പി ഭവിത

പെരിയാര്‍ കടുവ സങ്കേതത്തിലെ തേക്കടി തടാകത്തില്‍ വട്ടി ഉപയോഗിച്ച് മീന്‍ പിടിക്കുന്ന ആദിവാസി സ്ത്രീകള്‍. മന്നാന്‍, പളിയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ആദിവാസി സ്ത്രീകളുടെ ഏക വരുമാനമാര്‍ഗ്ഗമാണിത്. വരുമാനം തുച്ഛമാണെങ്കിലും ഈ തൊഴില്‍ തുടരുകയാണിവര്‍. രാവിലെ ആറ് മണിക്ക് ഇവര്‍ കോളനിയില്‍ നിന്നും തടാകത്തില്‍ എത്തും. വൈകീട്ട് വരെയാണ് മീന്‍ പിടിത്തം. അരിപ്പൊടി, ജീരകം,റവ, ഗോതമ്പ് എന്നിവയെല്ലാം ചേര്‍ത്ത് പൊടിക്കും. ഇതിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും ചിതലും ചേര്‍ത്താണ് മീനിനുള്ള ഇര തയ്യാറാക്കുന്നത്. ഇത് പ്ലേറ്റില്‍ നിറച്ച് തുണി കൊണ്ട് മൂടി വെള്ളത്തില്‍ ഇറക്കി വെക്കും. ചെറുമീന്‍ വന്ന് നിറഞ്ഞാല്‍ പിടിച്ച് വൃത്തിയാക്കും. രണ്ട് പേര്‍ ചേര്‍ന്ന് കുമളിയില്‍ കൊണ്ടും പോയി വില്‍ക്കും. പിടിയിലാണ് അളക്കുക. ഒരു പിടിക്ക് നൂറ്റിഇരുപത് രൂപയാണ് കിട്ടുക. എന്നും മീന്‍ കിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഉള്‍വനത്തിലും മീന്‍ പിടിക്കാന്‍ പോകും. നൂറോളം സ്ത്രീകളാണ് മീന്‍ പിടിച്ച് വരുമാനം കണ്ടെത്തുന്നത്. ചിലപ്പോള്‍ തീരെ മീന്‍ കിട്ടില്ലെന്നതാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. ഇതോടെ കുടുംബം പട്ടിണിയിലാകും. ചില സമയങ്ങള ില്‍ തടാകത്തില്‍ മീന്‍ പിടിക്കുന്നതിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ആ സമയങ്ങളില്‍ മറ്റ് ജോലി ചെയ്യുമെന്ന് ഇവര്‍ പറയുന്നു. തടാകക്കരയില്‍ തങ്ങള്‍ക്കുള്ള ഭക്ഷണവും ഇവര്‍ തയ്യാറാക്കും. പിടിക്കുന്ന മീനില്‍ നിന്ന് കുറച്ച് എടുത്ത് കറിയുണ്ടാക്കും. മറ്റ് വരുമാന മാര്‍ഗ്ഗമുള്ളവരും മീന്‍ പിടിക്കാനെത്തുന്നുണ്ട്. കുടുംബത്തോടൊപ്പമെത്തി മീന്‍ പിടിച്ച് വൈകീട്ടാണ് ഇവരും തിരിച്ചു പോകുക.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.