ലിങ്കിയമ്മയുടെ ആടുജീവിതം (ഫിക്ഷനല്ല)
ജാസിം മൊയ്തീന്‍

ആടു ജീവിതം ഫിക്ഷനാണോ അല്ലയോ എന്ന ചര്‍ച്ചകളാണ് എല്ലായിടത്തും. എന്നാല്‍ ഒട്ടും ആര്‍ട്ടിഫിഷ്യലല്ലാത്ത ഒരു ആടുജീവിതത്തെയാണ് ഇനി പരിചയപ്പെടുത്തുന്നത്. ലിങ്കിയമ്മയുടെ ആടു ജീവിതം. നജീബിന്റെ ആടുജീവിതം നിസ്സഹായത ആയിരുന്നെങ്കില്‍ ലിങ്കിയമ്മയുടേത് അവരുടെ തെരഞ്ഞെടുപ്പാണെന്നതാണ് വ്യത്യാസം.

അട്ടപ്പാടിയിലെ 192 ഊരുകളിലൊന്നാണ് ഊരടം. പരമ്പരാഗതമായി മുഡുഗ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ താമസിച്ചിരുന്ന ഇടം. പശ്ചിമഘട്ട മലനിരകളിലെ നീലഗിരിക്കുന്നുകള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തിലുള്ള പ്രദേശം. നേരത്തെ മുപ്പതിലേറെ കുടുംബങ്ങളുണ്ടായിരുന്ന ഇവിടെ ഇന്ന് 80 വയസ്സ് പ്രായമുള്ള ലിങ്കിയമ്മയും കുറച്ച് ആടുകളും മാത്രമാണ് സ്ഥിരതാമക്കരായിട്ടുള്ളത്. ബാക്കിയുള്ളവരെല്ലാം ചാവടിയൂര്‍ ഉള്‍പ്പടെയുള്ള താഴ്വാരങ്ങളിലേക്ക് കുടിയിറങ്ങിപ്പോയി. വന്യമൃഗശല്യം, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളമുള്‍പ്പടെ ലഭിക്കാതിരിക്കുന്ന അവസ്ഥ തുടങ്ങി നിരവധി കാരണങ്ങള്‍ ഈ കുടിയൊഴിഞ്ഞുപോകലുകള്‍ക്ക് പിന്നിലുണ്ട്.

എല്ലാവരും കുടിയിറങ്ങിപ്പോയപ്പോഴും അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന ലിങ്കിയമ്മ ഇന്ന് ഊരടത്ത് ഏകാംഗ ആടുജീവതം നയിക്കുകയാണ്.

ഊരടത്തെ ഒറ്റപ്പെട്ട ജീവിതത്തില്‍ ലിങ്കിയമ്മക്ക് കൂട്ടുള്ളത് ഈ ആടുകള്‍ മാത്രമാണ്. ആടുകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ആടുകളോട് സംസാരിച്ചുമാണ് ഈ കുന്നില്‍ മുകളില്‍ ലിങ്കിയമ്മ ജീവിക്കുന്നത്. രാവിലെ ആടുകളുമായി സമീപത്തെ കാടുകളിലേക്കും തേയിലത്തോട്ടങ്ങളിലേക്കും ഇറങ്ങുന്ന ഈ വയോധിക വൈകീട്ടാണ് തിരിച്ചെത്തുന്നത്. കണ്‍മുന്നില്‍ വെച്ച് ആടിനെ പുലി പിടിച്ചുകൊണ്ടുപോകുന്നത് നിരവധി തവണ നിസഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്ന കഥകളും ലിങ്കിയമ്മ പറയുന്നുണ്ട്.

ഇടക്കെപ്പോഴെങ്കിലും വന്നുപോകുന്ന സഹോദരനും സഹോദരന്റെ കുടുംബവുമാണ് ഊരിലെത്തുന്ന മറ്റുള്ളവര്‍. ലിങ്കിയമ്മയുടെ സഹോദരന്‍ മണി, സഹോദരന്റെ ഭാര്യ മലര്‍, ഇവരുടെ അഞ്ച് മക്കള്‍ എന്നിവരാണ് വല്ലപ്പോഴും ലിങ്കിയമ്മയെ തേടി ഊരിലെത്തുന്ന ബന്ധുക്കള്‍. മാസത്തിലൊരിക്കല്‍ ലിങ്കിയമ്മയുടെ ആരോഗ്യ സ്ഥിതി അന്വേഷിക്കാന്‍ പൂതൂര്‍ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തും. മൂന്ന് മാസത്തിലൊരിക്കല്‍ റേഷന്‍ വാങ്ങാനായി കിലോമീറ്ററുകള്‍ താണ്ടി മുള്ളിയില്‍ പോകുന്നതാണ് ലിങ്കിയമ്മക്ക് ഊരടത്തിന് പുറത്തേക്കുള്ള ഏക ബന്ധം.

പുലിയും കടുവയും പിടിക്കാതെ ബാക്കിയാകുന്ന ആട്ടിന്‍കുട്ടികളെ വിറ്റ് ലഭിക്കുന്ന പണം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, വല്ലപ്പോഴും വരുന്ന ബന്ധുക്കള്‍ നല്‍കുന്ന സഹായം, റേഷന്‍ എന്നിവയൊക്കെയാണ് ലിങ്കിയമ്മയുടെ വരുമാനമാര്‍ഗങ്ങള്‍. അട്ടപ്പാടിയിലെ കോട്ടത്തറ ചന്തയില്‍കൊണ്ടുപോയി ആടുകളെ വിറ്റാല്‍ കൂടുതല്‍ പണം ലഭിക്കുമെങ്കിലും അവിടം വരെയെത്തണമെങ്കില്‍ 6000 രൂപയിലധികം വാഹനക്കൂലി നല്‍കേണ്ടി വരുമെന്നതിനാല്‍ അതിന് തയ്യാറാകാറില്ല. ഊരിലെത്തി ആടിനെ വാങ്ങുന്നവരാകട്ടെ തുച്ഛമായ പണമാണ് നല്‍കുന്നതും.

തേയിലയാണ് കിണ്ണക്കരയിലെ പ്രധാന കൃഷി. നേരത്തെ ഊരിലുള്ളവരെല്ലം തേയില നുള്ളി ഫാക്ടറികളില്‍ ഏല്‍പിച്ച് പണം വാങ്ങുമായിരുന്നു. ഇടക്ക് ഊരിലെത്തുന്ന ലിങ്കിയമ്മയുടെ സഹോദരന്റെ ഭാര്യ മലര്‍ ഇപ്പോഴും ഈ ജോലി ചെയ്യുന്നുണ്ട്. തേയില നുള്ളി ഫാക്ടറിയിലെത്തിച്ചാല്‍ ഒരു കിലോക്ക് 15 രൂപ ലഭിക്കും. ഒരു ദിവസം 30 കിലോ തേയില വരെ നുള്ളിയെടുക്കാം. ഇത് തലച്ചുമടായി മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള ഫാക്ടറിയില്‍ എത്തിക്കുകയും വേണം. തേയിലച്ചെടികള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന പുലികളെ ഭയന്ന് വേണം ഈ ജോലി ചെയ്യാന്‍.

സര്‍ക്കാര്‍ വെച്ചുനല്‍കിയിട്ടുള്ള അടച്ചുറപ്പുള്ള രണ്ട് വീടുകളാണ് ഇപ്പോള്‍ ഊരടത്തുള്ളത്. അടച്ചുറപ്പുള്ള മുറികളില്‍ ആടിനെ പാര്‍പ്പിക്കുകയും പുറത്ത് ആട്ടിന്‍കൂടിന് സമാനമായ കൂരയില്‍ ലിങ്കിയമ്മ താമസിക്കുകയുമാണ് ചെയ്യുന്നത്. ആടിനെ പുലി പിടിക്കാതിരിക്കാനാണത്രെ അടച്ചുറപ്പുള്ള മുറിയില്‍ അവയെ പാര്‍പ്പിച്ചിരിക്കുന്നത്. മുകളിലെ ചോലയില്‍ നിന്ന് പൈപ്പിട്ടെടുക്കുന്ന വെള്ളമാണ് കുടിവെള്ളമുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ എല്ലായിപ്പോഴും ആന ചവിട്ടി പൈപ്പുകള്‍ പൊട്ടിപ്പോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സോളാറും ചെറിയ കാറ്റാടി യന്ത്രവുമാണ് വൈദ്യുതിക്കായി ഉപയോഗിക്കുന്നത്.

ഇടക്ക് ആടുകള്‍ക്ക് അസുഖം വരുമ്പോള്‍ തേയില നുള്ളാന്‍ വരുന്ന സ്ത്രീകള്‍ വഴിയോ ലിങ്കിയമ്മ തന്നെ നേരിട്ടുപോയോ മൃഗഡോക്ടറെ വിവരമറിയിക്കുമെങ്കിലും ആടിന്റെ ജീവന്‍ നഷ്ടമായതിന് ശേഷമായിരിക്കാം ഡോക്ടറെത്തുന്നത്. പുലിപിടിച്ചു അസുഖങ്ങല്‍ വന്നും സമീപ മാസങ്ങളില്‍ മാത്രം 15ലധികം ആടുകളെ ലിങ്കിയമക്ക് നഷ്ടമായിട്ടുണ്ട്.

എല്ലാവരും താഴ്വാരങ്ങളിലേക്ക് കുടിയിറങ്ങിപോയപ്പോഴും ഇവിടെ തന്നെ തുടരാന്‍ ലിങ്കിയമ്മ തീരുമാനിച്ചതിന് പിന്നില്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. അട്ടപ്പാടിയിലെ ചാവടിയൂര്‍ ഉള്‍പ്പടെയുള്ള ഇടങ്ങളിലേക്ക് മാറിപ്പോയവര്‍ക്ക് അവിടെ വീടുവെക്കാനുള്ള സ്ഥലം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കൃഷിചെയ്യാനോ കന്നുകാലികളെ വളര്‍ത്താനോ ഉള്ള സൗകര്യമില്ല. താഴേക്ക് പോയവരെല്ലാം കൂലിപ്പണി ചെയ്തും തൊഴിലുറപ്പ് ജോലി ചെയ്തുമാണ് ഇന്ന് ജീവിക്കുന്നത്. ഭര്‍ത്താവും രണ്ട് മക്കളും മരണപ്പെട്ട ലിങ്കിയമ്മക്ക് ഈ 80ാം വയസ്സില്‍ ഇനി കൂലിപ്പണിയെടുത്ത് ജീവിക്കാനാകില്ല. ഇവിടെയാണെങ്കില്‍ ഈ ആടുകളെ വളര്‍ത്താനുള്ള സൗകര്യമെങ്കിലുമുണ്ട്. മാത്രമല്ല 80 വയസ്സ് വരെ ജീവിച്ച ഈ പ്രദേശത്തോടുള്ള വൈകാരിക അടുപ്പവും അവരെ ഇവിടെ നിര്‍ത്തുന്നു. തങ്ങളുടേ ക്ഷേത്രവും കുലദൈവങ്ങളുമൊക്കെയും ഇവിടെയാണ് എന്നതും ലിങ്കിയമ്മയെ ഈ കുന്നിന്‍ മുകളില്‍ തന്നെ പിടിച്ചുനിര്‍ത്തുന്നു.

കേരളത്തിന്റെ ഭാഗമായ ഊരടത്തേക്ക് കേരളത്തില്‍ നിന്ന് നേരിടുള്ള റോഡ് മാര്‍ഗങ്ങളൊന്നുമില്ല. അട്ടപ്പാടിയിലെ വെന്തവട്ടി, ഇലച്ചിവഴി, മുള്ളി ഭാഗങ്ങളില്‍ നിന്ന് വനത്തിലൂടെ കാല്‍നടയായി ഊരടത്തെത്താം. വന്യമൃഗ ശല്യം രൂക്ഷമായതിനാല്‍ ഇപ്പോള്‍ ആരും ഈ വഴികള്‍ ഉപയോഗിക്കാറില്ല. റോഡ് മാര്‍ഗം ഊരടത്ത് എത്തണമെങ്കില്‍ തമിഴ്നാട്ടിലൂടെ മേട്ടുപ്പാളയം വഴി മഞ്ചൂരിലേക്കും അവിടെ നിന്നും കിണ്ണക്കരയിലേക്കും നൂറിലേറെ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടതുണ്ട്. കിണ്ണക്കരയില്‍ നിന്ന് കാല്‍നടയായി തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താനാകും. എന്നാല്‍ വഴികളിലെല്ലാം ആനയും പുലിയുമുള്‍പ്പടെയുള്ള അപകടങ്ങള്‍ പ്രതീക്ഷിക്കുകയും വേണം.

മാസങ്ങള്‍ക്ക് മുമ്പ് വരെ അട്ടപ്പാടിയില്‍ നിന്നുള്ള ആളുകള്‍ കിണ്ണക്കരയിലേക്ക് ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി പോയി വരുന്നതിന് കാല്‍നടയായുള്ള വഴികള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ സമീപ കാലങ്ങളിലായി വന്യമൃഗ ശല്യം രൂക്ഷമായതിനാല്‍ ആരും തന്നെ ഈ മാര്‍ഗം ഉപയോഗിക്കുന്നില്ല. പകരം നൂറിലേറെ കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കുകയാണ് ചെയ്യുന്നത്.

കേരളത്തില്‍ നിന്ന്, പ്രത്യേകിച്ച് അട്ടപ്പാടിയില്‍ നിന്ന് ഊരടത്തെത്താന്‍ നിലവിലുള്ളതില്‍ ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാര്‍ഗം മുള്ളിയില്‍ നിന്നും മഞ്ചൂര്‍ വഴി കിണ്ണക്കരയിലെത്തി അവിടെ നിന്നും പോകുന്നതാണ്. എന്നാല്‍ മുള്ളിവഴി നിലവില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ കടത്തിവിടുന്നതില്‍ തമിഴ്നാട് വനംവകുപ്പ് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. പകരം തമിഴ്നാടിന്റെ ബസ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കോയമ്പത്തൂരില്‍ നിന്ന് മഞ്ചൂരിലേക്കുള്ള ബസുകള്‍ മുള്ളി വഴിയാണ് പോകുന്നത്. മഞ്ചൂരില്‍ നിന്ന് കിണ്ണക്കരയിലേക്കും ബസ് ലഭിക്കും. ഊട്ടിയില്‍ നിന്നും കിണ്ണക്കരയിലേക്കുള്ള ബസുകളും മഞ്ചൂര്‍ വഴിയാണ് പോകുന്നത്.

പലപ്പോഴും ലിങ്കിയമ്മയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രമിച്ചിരുന്നെങ്കിലും ഊരടം വിട്ട്പോകാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇവിടെ തന്നെ ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ പ്രായത്തില്‍ ഇനി താഴെ പോയിട്ട് എന്ത് ചെയ്യാനാണ് എന്നാണവര്‍ ചോദിക്കുന്നത്. താഴ്വാരത്തേക്ക് കുടിയിങ്ങിപ്പോയാല്‍ തന്റെ ഏക ജീവിതമാര്‍ഗം വഴിമുട്ടിപ്പോകുമെന്ന ലിങ്കിയമ്മയുടെ ആശങ്ക നമ്മുടെ പുനരധിവാസ സംവിധാനങ്ങളിലെ പൊള്ളത്തരത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

ബെന്യാമിന്റെയും ബ്ലെസിയുടെയും ആടുജീവിതങ്ങളില്‍ കഥയുടെയും ജീവിതത്തിന്റെയും അംശങ്ങളുടെ ശതമാനക്കണക്കിനെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ ലിങ്കിയമ്മയുടെ ആടു ജീവതം നൂറ് ശതമാനവും ജീവിതം തന്നെയാണെന്ന് നമുക്ക് ഉറപ്പിക്കാനാകും.

content highlights: Linkyamma’s Goat Life (Non Fiction)

ജാസിം മൊയ്തീന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍