പാനൂര്‍ സ്ഫോടനക്കേസ്; അന്വേഷണത്തില്‍ കേരള പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു: എ.ഡി.ജി.പി അജിത് കുമാര്‍
Kerala News
പാനൂര്‍ സ്ഫോടനക്കേസ്; അന്വേഷണത്തില്‍ കേരള പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു: എ.ഡി.ജി.പി അജിത് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2024, 6:18 pm

തിരുവനന്തപുരം: സ്‌ഫോടനക്കേസുകളിലെ അന്വേഷണത്തില്‍ കേരള പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടുവെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും അയച്ച കത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ വിമര്‍ശനം.

കേസ് അന്വേഷണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും പൊതു ജനങ്ങളുടെ സുരക്ഷയില്‍ പൊലീസ് വിട്ടുവീഴ്ച ചെയ്തെന്നും എ.ഡി.ജെ.പി പറഞ്ഞു. പ്രോട്ടോക്കോള്‍ അനുസരിച്ച് തെളിവുശേഖരണം നടത്താതിനാല്‍ അന്വേഷണത്തില്‍ തടസം നേരിട്ടുവെന്നും എ.ഡി.ജി.പി പറഞ്ഞു.

നിലവില്‍ സംഭവ സ്ഥലത്ത് ദ്രുത കര്‍മസേനയെ വിന്യസിക്കണം, ആവശ്യമെങ്കില്‍ എന്‍.എസ്.ജി സേവനം ആവശ്യപ്പെടണം, എ.ഡി.ജി.പി, ജില്ലാ പൊലീസ് മേധാവികള്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ചതിന് ശേഷം പൊലീസ് തീരുമാനമെടുക്കുക എന്നീ നിര്‍ദേശങ്ങളും എ.ഡി.ജി.പി നല്‍കിയിട്ടുണ്ട്. ഉത്തരമേഖല, ദക്ഷിണ മേഖലാ ഐ.ജിമാര്‍, എ.ഡി.എസ് ഡി.ഐ.ജി, റേഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കാണ് എ.ഡി.ജി.പിയുടെ നിര്‍ദേശം.

അതേസമയം ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സേന വ്യാപകമായി പരിശോധന നടത്തുകയാണ്. പാനൂരുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലായി പൊലീസിന്റേയും സി.ആര്‍.പി.എഫിന്റേയും നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. സി.ആര്‍.പി.എഫ്, കേരള പൊലീസ് എന്നിവര്‍ക്കൊപ്പം ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും പരിശോധനയിലുണ്ട്.

പാനൂരില്‍ നടന്ന ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടക്കുന്നത്. മുമ്പ് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിര്‍മിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തണമെന്നുമാണ് ജില്ലാ പൊലീസ് മേധാവികളുടെ നിര്‍ദേശം.

Content Highlight: A.D.G.P. said that the honesty of the Kerala Police was questioned in the investigation in the blast cases