ശമ്പളം ചോദിച്ച ദളിത് യുവാവിനോട് ചെരുപ്പ് വായില്‍വെച്ച് മാപ്പ് പറയാന്‍ മുതലാളി; കേസ്
national news
ശമ്പളം ചോദിച്ച ദളിത് യുവാവിനോട് ചെരുപ്പ് വായില്‍വെച്ച് മാപ്പ് പറയാന്‍ മുതലാളി; കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 6:30 pm

ലഖ്നൗ: ശമ്പളം ആവശ്യപ്പെട്ട ദളിത് യുവാവിനോട് തന്റെ ചെരുപ്പ് വായില്‍ വെച്ചുകൊണ്ട് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ച മുതലാളിക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്. രണ്ടാഴ്ചയോളം കമ്പനിയില്‍ ജോലി ചെയ്ത 21 കാരനായ യുവാവിനെ പ്രതി ശാരീരികമായി മര്‍ദിച്ചതായും പൊലീസ് പറഞ്ഞു. മുതലാളിയെ കൂടാതെ മറ്റു ആറ് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മര്‍ദനത്തിനിരയായ നിലേഷ് ദാല്‍സാനിയയുടെ പരാതിയില്‍ ഉടമയായ വിഭൂതി പട്ടേല്‍ എന്ന റാണിബക്കെതിരെയും മറ്റു സ്റ്റാഫുകള്‍ക്കെതിരെയും മോര്‍ഫി 7 സെക്ഷന്‍ സിറ്റി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കൂടാതെ റാണിബയുടെ സഹോദരനായ ഓം പട്ടേലും കമ്പനിയുടെ മാനേജരായ പരീക്ഷിത്തും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എസ്.സി, എസ്.ടി സെല്‍ ഡെപ്യൂട്ടി തലവനായ പ്രതിപാല്‍സിന്‍ഹ് സാല ചൂണ്ടിക്കാട്ടി.

റാവപര്‍ ക്രോസ്റോഡിലെ റാണിബ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് വിഭൂതി പട്ടേല്‍. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ടൈല്‍സ് മാര്‍ക്കറ്റിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ദല്‍സാനിയയെ 12,000 രൂപ മാസ ശമ്പളത്തില്‍ വിഭൂതി പട്ടേല്‍ നിയമിച്ചതായാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ കാരണം കാണിക്കാതെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും അത്രയും ദിവസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉടമ ഉത്തരമൊന്നും നല്‍കിയില്ലെന്നും പൊലീസ് പറയുന്നു. ശമ്പളം ചോദിക്കാന്‍ കമ്പനിയിലെത്തിയ നിലേഷിനെ ഉടമയുടെ സഹോദരന്‍ ഓം പട്ടേല്‍ തന്റെ കൂട്ടാളികളുമായി സ്ഥലത്തെത്തി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതിപാല്‍സിന്‍ഹ് സാല വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തല്‍, കലാപം, എസ്.സി, എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും പ്രതിപാല്‍സിന്‍ഹ് സാല പറഞ്ഞു. ദളിത് യുവാവിനെ മോര്‍ബി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.

Content Highlight: A case against the boss who forced a Dalit man to apologize by putting his shoe in his mouth when he asked for his salary