'അമേരിക്കയുടെയും ഇസ്രഈലിന്റെയും കരിദിനം,'; ഇരു രാജ്യങ്ങളുടെയും പടക്കോപ്പുകൾ തകർത്ത് ഇറാൻ
Trending
'അമേരിക്കയുടെയും ഇസ്രഈലിന്റെയും കരിദിനം,'; ഇരു രാജ്യങ്ങളുടെയും പടക്കോപ്പുകൾ തകർത്ത് ഇറാൻ
മുഹമ്മദ് നബീല്‍
Saturday, 4th April 2026, 7:48 am

ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രഈലിന്റെയും രണ്ട് യുദ്ധവിമാനങ്ങളും അഞ്ച് ഡ്രോണുകളും മിസൈലുകളും തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാനിയൻ സായുധ സേന.

ഇരു രാജ്യങ്ങൾക്കും ഇത് കരിദിനമാണെന്നും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപസ് (ഐ.ആർ.ജി.സി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഖൊമേൻ, സഞ്ജാൻ എന്നീ നഗരങ്ങൾക്ക് മുകളിലായി ഐ.ആർ.ജി.സി എയ്‌റോസ്‌പേസ് ഡിഫൻസ് ഫോഴ്‌സ് യുദ്ധവിമാനങ്ങൾ രണ്ട് ക്രൂയിസ് മിസൈലുകളെ നശിപ്പിച്ചുവെന്നും ഇസ്ഫഹാൻ്റെ ആകാശത്ത് വെച്ച് രണ്ട് എം.ക്യു-9 ഡ്രോണുകളെയും, ബുഷെഹറിന് മുകളിൽ വെച്ച് ഒരു ഹെർമിസ് ഡ്രോണിനെയും വെടിവെച്ചിട്ടെന്ന് ഐ.ആർ.ജി.സി അറിയിച്ചു.

ഹോർമുസ് കടലിടുക്കിനു സമീപം അമേരിക്കയുടെ എ 10 വാർത്തൊഗ് യുദ്ധവിമാനം തകർത്തതായും ഇറാൻ അറിയിച്ചു.

അമേരിക്കൻ – ഇസ്രഈൽ സഖ്യം ഇറാനുമേൽ യുദ്ധം തുടരുമ്പോൾ, ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.ആർ.ജി.സി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

‘ഇറാൻ വ്യോമ പ്രതിരോധ സേനയുടെ കൃത്യമായ നിരീക്ഷണങ്ങളും നൂതനമായ സാങ്കേതിക വിദ്യയും ഇറാന്റെ ആകാശത്തെ ശത്രു സേനയ്ക്ക് അപകടകരമായി മാറ്റി,’ പ്രസ്താവനയിൽ പറയുന്നു.

അമേരിക്കയുടെയും ഇസ്രഈലിന്റെയും പടക്കോപ്പുകൾ തകർത്തിട്ടതിന്പുറമെ , ഇന്നലെ (വെള്ളി) ഐ.ആർ.ജി.സിയും ഇറാനിയൻ സൈന്യവും ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ന്റെ ഭാഗമായി നിരവധി പ്രത്യാക്രമണങ്ങളും നടത്തി.

ഇസ്രഈൽ സൈനിക സംവിധാനങ്ങൾക്ക് നേരെയും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇതുവരെ ഇറാൻ 93 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

Content Highlight: ‘A black day for America and Israel,’ Iran destroys military bases of both countries

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം