പിണറായി വിജയന്‍ മുതല്‍ ഉദ്ധവ് താക്കറെ വരെ; എന്‍.ആര്‍.സിക്കു മുന്നില്‍ വേലി തീര്‍ത്ത് 12 മുഖ്യമന്ത്രിമാര്‍; കേന്ദ്രത്തെ കെണിയിലാക്കി ഒരു ബി.ജെ.പി മുഖ്യനും
NRC
പിണറായി വിജയന്‍ മുതല്‍ ഉദ്ധവ് താക്കറെ വരെ; എന്‍.ആര്‍.സിക്കു മുന്നില്‍ വേലി തീര്‍ത്ത് 12 മുഖ്യമന്ത്രിമാര്‍; കേന്ദ്രത്തെ കെണിയിലാക്കി ഒരു ബി.ജെ.പി മുഖ്യനും
ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2019, 8:27 am

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും (എന്‍.ആര്‍.സി) എതിരെ രാജ്യത്തുടനീളം കടുത്ത പ്രതിഷേധമാണു നടക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന കടുത്ത നിലപാടുമായി ഇതിനോടകം തന്നെ മുന്നോട്ടുവന്നിട്ടുള്ളത് 12 മുഖ്യമന്ത്രിമാരാണ്. ഇതില്‍ ബി.ജെ.പിയുടെ സ്വന്തം മുഖ്യന്മാരും അവരുടെ സഖ്യകക്ഷികളും ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം.

1) പിണറായി വിജയന്‍ (കേരളം)

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ഭരിക്കുന്ന കേരളമാണ് ഏറ്റവുമാദ്യം എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന നിലപാടെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ശക്തമായ നിലപാടാണ് കേരളം സ്വീകരിച്ചത്. നിയമം വര്‍ഗീയാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

2) മമതാ ബാനര്‍ജി (ബംഗാള്‍)

എന്‍.ആര്‍.സിയുടെ ആദ്യ ഘട്ടം മുതല്‍ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ ഇവിടെയുള്ളിടത്തോളം കാലം ബംഗാളില്‍ എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി നിയമവും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് മമതയുടെ നിലപാട്.

3) അരവിന്ദ് കെജ്‌രിവാള്‍ (ദല്‍ഹി)

പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ത്ത ആംആദ്മി പാര്‍ട്ടി, തങ്ങള്‍ ഭരിക്കുന്ന ദല്‍ഹിയില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

കഴിഞ്ഞ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തോല്‍വി പോലും എന്‍.ആര്‍.സിയിലുള്ള ജനവിധിയാണെന്നാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.

4) അമരീന്ദര്‍ സിങ് (പഞ്ചാബ്)

എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് ഏറ്റവുമാദ്യം നിലപാടെടുത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് പഞ്ചാബിലെ അമരീന്ദര്‍ സിങ്. ഇന്ത്യയുടെ ജനാധിപത്യ സ്വഭാവത്തിന് എതിരാണ് എന്‍.ആര്‍.സിയെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി ബില്‍ പഞ്ചാബ് നിയമസഭയില്‍ പാസ്സാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

5) അശോക് ഗെഹ്‌ലോട്ട് (രാജസ്ഥാന്‍)

ഇക്കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന നിലപാടെടുത്തത്. രാജസ്ഥാനില്‍ പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കും എതിരെ നടക്കുന്ന പ്രതിഷേധ മാര്‍ച്ചുകളുടെ ദൃശ്യങ്ങള്‍ ഗെഹ്‌ലോട്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നേരത്തേ പുറത്തുവിട്ടിരുന്നു.

6) കമല്‍ നാഥ് (മധ്യപ്രദേശ്)

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശും എന്‍.ആര്‍.സിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണിതെന്നാണ് മുഖ്യമന്ത്രി കമല്‍ നാഥ് നിലപാടെടുത്തത്.

7) ഭൂപേഷ് ഭാഗേല്‍ (ഛത്തീസ്ഗഢ്)

അമരീന്ദര്‍ സിങ്ങിനു ശേഷം എന്‍.ആര്‍.സിയില്‍ നിലപാടെടുത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി ഛത്തീസ്ഗഢിലെ ഭൂപേഷ് ഭാഗേലാണ്.

ഭൂപേഷും അതിനു പിന്നാലെ ഛത്തീസ്ഗഢിലെ ഓരോ മന്ത്രിമാരും എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് രംഗത്തുവന്നിരുന്നു.

8) വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഢി (ആന്ധ്രാപ്രദേശ്)

ബി.ജെ.പിയുമായി അടുത്തുനില്‍ക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിനു പോലും എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന നിലപാടാണ് എടുക്കേണ്ടിവന്നത്. ആന്ധ്രയില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്നും തങ്ങളുടെ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണെന്നുമാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി പറഞ്ഞത്.

9) നിതീഷ് കുമാര്‍ (ബിഹാര്‍)

ബി.ജെ.പിക്ക് ഏറ്റവും പ്രഹമേറ്റത് ബിഹാറില്‍ നിന്നാണ്. എന്‍.ഡി.എയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ ലോക്‌സഭയില്‍ ഏറ്റവും അംഗസംഖ്യയുള്ള ജെ.ഡി.യു ബിഹാറില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന നിലപാടെടുത്തുകഴിഞ്ഞു. എന്‍.ഡി.എയില്‍ നിന്ന് ഇത്തരത്തില്‍ ആദ്യ നിലപാടെടുത്തു മുന്നോട്ടുവരുന്ന ആദ്യ സഖ്യകക്ഷി കൂടിയാണ് ജെ.ഡി.യു.

10) നവീന്‍ പട്‌നായിക് (ഒഡിഷ)

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബി.ജെ.ഡി എന്‍.ആര്‍.സിക്കെതിരെ നിലപാടെടുക്കുകയാണു ചെയ്തത്. തങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചെങ്കിലും ഒഡിഷയില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കിയിട്ടുണ്ട്.

11) ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര)

എന്‍.ഡി.എയില്‍ നിന്നു വിട്ടെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ ശിവസേന സ്വീകരിക്കുന്ന നിലപാടുകള്‍ ബി.ജെ.പിക്കു നിര്‍ണായകമാണ്. ബി.ജെ.പിയുമായി വീണ്ടും ശിവസേന കൈകോര്‍ക്കുമോ എന്ന ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നതിനിടെയാണ് ശിവസേന വീണ്ടും നിലപാടുകള്‍ കര്‍ക്കശമാക്കുന്നത്.

എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി നിയമവും മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട തടങ്കല്‍ കേന്ദ്രങ്ങള്‍ പോലും മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിക്കഴിഞ്ഞു.

12) പ്രമോദ് സാവന്ത് (ഗോവ)

രാജ്യത്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എതിര്‍പ്പുകളില്‍ ഏറ്റവും നിര്‍ണായകമായിരിക്കുന്നത് ഗോവയില്‍ നിന്നുള്ളതാണ്. ബി.ജെ.പി നേരിട്ടു ഭരിക്കുന്ന സംസ്ഥാനത്ത്, എന്‍.ആര്‍.സി നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞുകഴിഞ്ഞു. ഇത് ബി.ജെ.പിയെ ഏറെ വെട്ടിലാക്കിയിട്ടുണ്ട്.