ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തും; ഭീഷണിയുമായി ട്രംപ്
World News
ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തും; ഭീഷണിയുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd January 2025, 1:22 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ ബ്രിക്‌സ് രാജ്യങ്ങളോടുള്ള വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ നടപ്പിലാക്കിയ 80ല്‍ അധികം ഉത്തരവുകള്‍ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.

‘ബ്രിക്‌സ് എന്നാല്‍ ഏഴ് രാജ്യങ്ങളാണ്. ഞങ്ങള്‍ എന്നാല്‍ ഒന്നേയുള്ളു. അവര്‍ ഞങ്ങളോട് മൃദുസമീപനം കാണിച്ചില്ലെങ്കില്‍ അതവര്‍ക്ക് ദോഷമാവും. ഇനി വിദേശ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതി തീരുവ (താരിഫ്) ചുമത്തി ഞങ്ങള്‍ക്ക് അമേരിക്കന്‍ ജനതയെ പരിപോഷിപ്പിക്കേണ്ടതുണ്ട്‌. ഇത്രയും കാലം യു.എസിന്റ ചെലവിലാണ് അവര്‍ അവരുടെ ജനങ്ങളെ നന്നാക്കിയത്,’ ട്രംപ് പറഞ്ഞു.

അതേസമയം ബ്രിക്‌സ് രാജ്യങ്ങളുടെ പേരുകള്‍ എടുത്ത് പറയുമ്പോള്‍ ട്രംപിന് പറ്റിയ അബദ്ധവും ചര്‍ച്ചയായി. BRICS ലെ S എന്ന അക്ഷരം സൗത്ത് ആഫ്രിക്കയെ ആണ് സൂചിപ്പിക്കുന്നത്‌. എന്നാല്‍ സ്‌പെയിന്‍ എന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ, ബ്രസീല്‍, റഷ്യ, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ എന്നിവയാണ് കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങള്‍.

അമേരിക്കന്‍ ഡോളറിനെ അവഗണിക്കുന്ന രാജ്യങ്ങളെ നികുതി ചുമത്തി ഇല്ലാതാക്കുമെന്ന് ട്രംപ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍വെച്ച് ഡോളറിന് പകരം അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പൊതു കറന്‍സികള്‍ ഉപയോഗിക്കണം എന്നൊരു ആശയം ഉയര്‍ന്നു വന്നിരുന്നു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയായിരുന്നു 15ാം ഉച്ചകോടിയില്‍ വെച്ച് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ആ വര്‍ഷം റഷ്യയിലെ കസാനില്‍വെച്ച് നടന്ന ഉച്ചകോടിയിലും ഇത് ചര്‍ച്ചയായി. ബ്രിക്‌സ് കൂട്ടായ്മയുടെ ഈ തീരുമാനമാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

‘ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കാനുള്ള ബ്രിക്സിന്റെ ശ്രമങ്ങള്‍ ഞങ്ങള്‍ കുറച്ച് കാലമായി നിരീക്ഷിക്കുന്നു. എന്നാല്‍ ഇനി അത് തുടരാന്‍ അനുവദിക്കില്ല. ഈ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുറപ്പ് കിട്ടണം. ഡോളറിന് പകരം മറ്റേതെങ്കിലും കറന്‍സിയോ അല്ലെങ്കില്‍ ബ്രിക്സ് കറന്‍സിയോ ഉപയോഗിക്കുന്ന പക്ഷം 100 ശതമാനം നികുതി അവര്‍ക്ക് മേല്‍ ചുമത്തപ്പെടും അല്ലെങ്കില്‍ അവര്‍ എന്നന്നേക്കുമായി അമേരിക്കന്‍ വിപണിയോട് വിട പറയേണ്ടി വരും,’ ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ഇപ്രകാരം എഴുതിയിരുന്നു.

ഇത്തരത്തില്‍ അമേരിക്കന്‍ വിപണി വിട്ട് പോവുന്നവര്‍ അവര്‍ക്ക് ഊറ്റാന്‍ വേണ്ടി മറ്റൊരു വിപണി കണ്ടെത്തിക്കോളാനും ട്രംപ് പറഞ്ഞിരുന്നു.

പ്രാദേശിക കറന്‍സികള്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ രൂപയിലും റഷ്യയുടെ റൂബിളിലും ചൈനയുടെ യുവാനിലും വിനിമയം നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ യു.എസിന്റ സഖ്യകക്ഷിയായ ഇന്ത്യ ഈ ആവശ്യത്തെ ഇതുവരെ അംഗീകരിച്ചിരുന്നില്ല.

നിലവില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്നത് ഡോളറിലാണ്. എണ്ണ വിപണനത്തിനും ഉപയോഗിക്കുന്നത് ഡോളറാണെങ്കിലും ഇടക്കാലത്ത് എണ്ണ കയറ്റുമതിയില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യമായ സൗദി ഈ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.

Content Highlight: 100 percent tariff will be imposed on BRICS countries including India. Trump with threats