അദാനി പവർപ്ലാന്റിനായി അസമിൽ 1,400 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു; പ്രതിഷേധം
national news
അദാനി പവർപ്ലാന്റിനായി അസമിൽ 1,400 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു; പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th July 2025, 10:25 am

ദിസ്പൂർ: അദാനി ഗ്രൂപ്പിന്റെ താപവൈദ്യുതി പദ്ധതിക്കായി അസമിലെ മൂന്ന് ഗ്രാമങ്ങളിൽ നിന്നായി 1,400 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ. ധുബ്രി ജില്ലയിലെ 450 ഹെക്ടറിലധികം ഭൂമിയിൽ നിന്നാണ് ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിക്കലിനെതിരെ ഗ്രാമവാസികൾ പ്രതികരിച്ചതോടെ സംഭവസ്ഥലത്ത് സംഘർഷമുണ്ടായി.

ചാരുബഖ്ര, സന്തോഷ്പൂർ, ചിരകുട്ട എന്നീ മൂന്ന് റവന്യൂ ഗ്രാമങ്ങളിലായി ചൊവ്വാഴ്ച രാവിലെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. ഉച്ചയോടെ ഗ്രാമവാസികൾ പ്രതികരിക്കാൻ തുടങ്ങി. അവർ ബുൾഡോസറിന് നേരെ കല്ലുകളും ഇഷ്ടികകളും എറിയാൻ തുടങ്ങി. തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു.

‘ചില നാട്ടുകാർ ഒഴിപ്പിക്കൽ പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിച്ചു. കല്ലെറിയൽ, ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തൽ തുടങ്ങിയ അതിക്രമങ്ങൾ ഉണ്ടായി. ഒരു എക്‌സ്‌കവേറ്റർ ഉൾപ്പെടെയുള്ള സർക്കാർ യന്ത്രങ്ങൾ നശിപ്പിക്കാൻ അവർ ശ്രമിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി,’ മുതിർന്ന ജില്ലാ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം തങ്ങൾ വർഷങ്ങളായി ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാന സർക്കാർ തങ്ങൾക്കെതിരെ അനാവശ്യമായ ബലപ്രയോഗം നടത്തുകയാണെന്ന് അവർ ആരോപിച്ചു. ‘അവർ ഞങ്ങൾക്ക് താമസിക്കാൻ ഭൂമി നൽകണം. അല്ലാതെ ഇനി ഞങ്ങൾ എവിടേക്ക് പോകും? മതപരമായ സ്വത്വം കാരണം ഭരണകക്ഷിയായ ബി.ജെ.പി തങ്ങളെ ലക്ഷ്യം വെക്കുന്നു. മുമ്പ്, കോൺഗ്രസ് ഭരിച്ചപ്പോൾ ഞങ്ങൾ സമാധാനപരമായി ജീവിച്ചു. ഇപ്പോൾ ബി.ജെ.പി അനാവശ്യമായി ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നു,’ പ്രദേശവാസികൾ പറഞ്ഞു.

ധുബ്രി ജില്ലയിലെ 450 ഹെക്ടറിലധികം ഭൂമി സർക്കാർ ഭൂമിയാണെന്നും ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങൾ കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് സർക്കാർ വാദം.

സംഭവസ്ഥലത്തെത്തിയ ശിവസാഗർ എം.എൽ.എയും റൈജോർദൾ നേതാവുമായ അഖിൽ ഗൊഗോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടിയൊഴിപ്പിക്കൽ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പറഞ്ഞ ഗൊഗോയ് സർക്കാരിന്റേത് ന്യൂനപക്ഷങ്ങളോടുള്ള അനീതിയാണെന്ന് വിമർശിച്ചു.

‘ഇവിടെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ദുരിതബാധിതർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു.

പൊതുഭൂമിയിലും വനഭൂമിയിലും കൈയേറ്റം നടന്നെന്നും അവ ഒഴിപ്പിക്കുന്നതിനായി ധുബ്രി, ഗോൾപാറ ജില്ലകളിൽ സർക്കാർ വലിയ തോതിലുള്ള ഭൂമി ക്ലിയറൻസ് ക്യാമ്പയിൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ പറഞ്ഞിരുന്നു.

അനധികൃത കുടിയേറ്റക്കാരിൽ നിന്ന് അസമിന്റെ ഭൂമി സംരക്ഷിക്കുന്നതിനും തദ്ദേശവാസികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുമാണ് ഈ കുടിയൊഴിപ്പിക്കൽ നടപടികൾ നടത്തുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

 

Content Highlight: 1,400 Muslim families evicted in Assam for Adani power plant; protests