കൊല്ലപ്പെട്ട സിസ്റ്റര്‍ വത്സ ജോണ്‍( മധ്യത്തില്‍ ചുവന്ന ചുരിധാര്‍ ധരിച്ച്) സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിനൊപ്പം പാറ്റ്‌നയിലെ പ്രേരണ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍
സ്‌പെഷ്യല്‍ കരസ്‌പോണ്ടന്റ്
ജാര്‍ഖണ്ഡില്‍ കന്യാസ്ത്രീയെ ആക്രമിച്ച്‌കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളത്തിലെ ജനങ്ങള്‍ വായിച്ചത്. 40 പേര്‍ ചേര്‍ന്ന് ഏറണാകുളം സ്വദേശിയായ സിസ്റ്റര്‍ വല്‍സ ജോണിനെ കൊലപ്പെടുത്തുകയായിരുന്നു. വാര്‍ത്ത വന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊലപാതകത്തിന് പിന്നില്‍ ഖനി മാഫിയയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നു. എന്നാല്‍ കൊലപ്പെടുത്താന്‍ മാത്രം ഖനി മാഫിയക്ക് കന്യാസ്ത്രീയോടുണ്ടായിരുന്നു വൈരാഗ്യത്തിന്റെ കഥ അധികമാരും പറഞ്ഞുകേട്ടില്ല. ആ കഥയറിയണമെങ്കില്‍ ഒരു കന്യാസ്ത്രീയെന്നതിലുപരി സിസ്റ്റര്‍ വല്‍സ ആരായിരുന്നെന്ന് മനസിലാക്കേണ്ടതുണ്ട്.
ഏറണാകുളം വാഴക്കല മലമേല്‍ വീട്ടില്‍ പരേതനായ എം.സി ജോണ്‍- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ വല്‍സ ജോണ്‍. 20 വര്‍ഷം മുമ്പാണ് ഇവര്‍ കേരളം വിട്ട് പോയത്. ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയില്‍ ഡുംകയ്ക്കു സമീപം പച്ചവാഡ ഗ്രാമത്തില്‍ ഏകാന്ത ജീവിതം നയിച്ചുവരികയായിരുന്നു. കന്യാസ്ത്രീയെന്നതിലുപരി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്റ് മേരി എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയായാണ് സിസ്റ്റര്‍ വല്‍സ ജോണ്‍ അറിയപ്പെടുന്നത്.
ജാര്‍ഖണ്ഡിലെ സാന്താള്‍ വിഭാഗക്കാരുടെ രക്ഷകര്‍തൃത്വം ഏറ്റെടുത്തുകൊണ്ട് വല്‍സ കോണ്‍വെന്റ് മതില്‍ക്കെട്ടുകള്‍ ഭേദിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകയായ സേവ്യര്‍ ഡയസ് പറയുന്നു. ഭൂമിക്കും, ഭൂവിഭവങ്ങള്‍ക്കു മേല്‍ തങ്ങള്‍ക്കുള്ള അവകാശം നേടിയെടുക്കാന്‍ വേണ്ടി സാന്തള്‍ വിഭാഗക്കാര്‍ രൂപം കൊടുത്ത സമരമായ “രാജ്മഹല്‍ പഹാഡ് ബജാവോ ആന്തോള”ന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നയാളാണ് സിസ്റ്റര്‍ വല്‍സ.
ജാര്‍ഖണ്ഡിലെ പാനേം കോള്‍ മൈന്‍ ലിമിറ്റഡിനെതിരെയായിരുന്നു ഇവര്‍ പ്രധാനമായും സമരം ചെയ്തത്. 2006ലെ ഒപ്പുവെച്ച കരാറിന്റെ അവകാശത്തില്‍ ഇവിടെ ഖനനം നടത്തുന്ന കമ്പനിക്കെതിരെ നിയമ പോരാട്ടത്തിന് സിസ്റ്റര്‍ വല്‍സ ഒരുങ്ങി. ഇവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. എന്നാല്‍ പരാതി പിന്‍വലിക്കുന്നതിനായി വല്‍സയ്ക്ക് ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടേണ്ടിവന്നു. അങ്ങനെ അവസാനം കമ്പനിയുമായി ഒരു കരാറിലെത്തി കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പായി. എന്നാല്‍ ഈ കരാര്‍ പാലിക്കാന്‍ ഖനി കമ്പനി തയ്യാറായില്ല. ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു.
ഖനനം നടത്തുന്ന പച്ചവാഡയിലെയും മറ്റ് 32 ഗ്രാമങ്ങളിലെയും ജനങ്ങളെ കമ്പനി വഞ്ചിക്കുകയാണെന്ന് അവര്‍ക്ക് പതിയെ മനസിലായി. ഇതോടെ പഴയ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കി നിയമപരമായി മുന്നോട്ടുപോകാന്‍ വല്‍സ ശ്രമിച്ചു. ഇതിനുള്ള വിലയായി സ്വന്തം ജീവന്‍ തന്നെയാണ് അവര്‍ക്ക് നല്‍കേണ്ടി വന്നതെന്ന് ഡയസ് പറയുന്നു.
ഖനന കരാറുകളെ പ്രതിരോധിക്കുന്ന ജാര്‍ഖണ്ഡ് മൈന്‍സ് ഏരിക കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുന്‍ മെമ്പറാണ് ഡയസ്. ഇവിടെ സംസ്ഥാനം രൂപം കൊണ്ടശേഷം സര്‍ക്കാര്‍ ഖനികമ്പനികളുമായുണ്ടാക്കിയ കരാറുകളില്‍ ഒന്നുമാത്രമേ ഇപ്പോഴും തുടരുന്നുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെയുള്ള ആളുകള്‍ക്ക് ജോലിയും, ആരോഗ്യകേന്ദ്രങ്ങളും, വീടുകളുമൊക്കെയാണ് കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടുത്തുകാര്‍ക്ക് ലഭിച്ചത് വെറും 14 കരാര്‍ ജോലികളും മൂന്ന് വീടുകളുമാത്രമാണ്. വാഗ്ദാനം നല്‍കിയ മെഡിക്കല്‍ സെന്റര്‍ ഇതുവരെ പണിതിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ആരോപണങ്ങളെ നിഷേധിക്കുന്ന കമ്പനി വക്താവ് മരിച്ച കന്യാസ്ത്രീയുമായി ഗ്രാമത്തിലെ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നാണ് പറയുന്നത്.
ഖനന കമ്പനിയ്‌ക്കെതിരെ സിസ്റ്റര്‍ വല്‍സ പരാതി നല്‍കിയതായി മേധാ പട്കര്‍ നയിക്കുന്ന നാഷണല്‍ അലിയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് പറയുന്നു. കമ്പനിയില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന്റെ തലേദിവസം ബന്ധുക്കളോട് വല്‍സ പറഞ്ഞിരുന്നു. ഇതിന് മുമ്പ് ഈ സ്ഥലത്ത് നാല് കൊലപാതങ്ങള്‍ നടന്നതായി ഡയസ് ഓര്‍മ്മിക്കുന്നു. ഇതിലൊന്ന് കന്യാസ്ത്രീ നേതൃത്വം നല്‍കിയ ആര്‍.പി.ബി.എയുടെ ട്രൈബല്‍ ലീഡറായിരുന്നു. മറ്റൊന്ന് ഇതേ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മറ്റൊരു സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു.
Malayalam news

