ജംഷെഡ്പുര്‍: ജാര്‍ഖണ്ഡില്‍ കന്യാസ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഖനി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പ്രദേശത്തെ ആദിവാസികളും കൊല്ലപ്പെട്ട വത്സ ജോണും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ജാര്‍ഘണ്ഡിലെ ആദിവാസി നേതാവും മുന്‍ എം.പിയുമായ സല്‍ഖാന്‍ മുര്‍മു ആവശ്യപ്പെട്ടു. എറണാകുളം വാഴക്കാല മലമേല്‍കുടുംബാംഗവുമായ സിസ്റ്റര്‍ വത്സ ജോണി (53) കഴിഞ്ഞ ദിവസം തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുമായും എന്‍.ജി.ഒ സംഘടനകളും പ്രാദേശിക ഖനി കമ്പനികളുമായി സിസ്റ്റര്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന് മുര്‍മു വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കൊപ്പം നിന്ന് ഖനി ഉടമകളില്‍ നിന്നും കനത്ത തുക ഇവര്‍ വാങ്ങിയതായും മുര്‍മു ആരോപിച്ചു. കൊലപാതകത്തിന് പിന്നിലുള്ള വരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം കൊണ്ട് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ ഗ്രാമവാസികളുടെ കൂടെ നിന്ന് ഖനി കമ്പനികള്‍ക്കെതിരെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ പിന്നീട് ജനങ്ങളെ കമ്പനിക്കായി ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ആദിവാസികള്‍ അവരെ രക്ഷകരായി കണ്ടിരുന്നുവെങ്കിലും പിന്നീട് എതിരാളിയെന്ന നിലയിലാണ് ജനങ്ങള്‍ അവരെ കണ്ടതെന്നും ആദിവാസി നേതാവ് പറഞ്ഞു. താമസസ്ഥലത്ത് എത്തിയ അന്‍പതോളം അക്രമികള്‍ കെട്ടിയിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മാവോവാദികളെ മറയാക്കി സ്ഥലത്തെ കല്‍ക്കരി ഖനി മാഫിയ സിസ്റ്ററോട് പക വീട്ടുകയായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്. പാക്കൂരിലെ ഭരണ സംവിധാനത്തെ മുഴുവന്‍ കൈപ്പിടിലാക്കിയ ഖനി മാഫിയ അനധികൃതമായി കാര്യങ്ങള്‍ നേടിയെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് മുര്‍മു വ്യക്തമാക്കി. 2005 മുതല്‍ ഞാന്‍ മുര്‍മുവിലെ നിത്യ സന്ദര്‍ശകനാണ്. വത്സയെക്കുറിച്ച് നല്ല കാര്യങ്ങളല്ല ജനങ്ങളില്‍ നിന്ന് കേട്ടിരുന്നത്- മുര്‍മു വ്യക്തമാക്കി.
Malayalam news
