കന്യാസ്ത്രീയുടെ കൊലപാതകം: പിന്നില്‍ ഖനി മാഫിയ
Kerala
കന്യാസ്ത്രീയുടെ കൊലപാതകം: പിന്നില്‍ ഖനി മാഫിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2011, 5:00 pm

ജംഷെഡ്പുര്‍: ജാര്‍ഖണ്ഡില്‍ കന്യാസ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ കല്‍ക്കരി ഖനിമാഫിയയാണെന്ന് അന്വേഷണ സംഘത്തലവന്‍. അഞ്ച് സംഘങ്ങളായിട്ടാണ് അന്വേഷണം നടത്തുന്നതെന്നും പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ കിട്ടിയതായും ഐ.ജി അരുണ്‍ ഒറാവോണ്‍ പറഞ്ഞു.

എറണാകുളം സ്വദേശിയായ സിസ്റ്റര്‍ വല്‍സ ജോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 7പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇനിയും മൂന്നു പേരെ കൂടി പിടികിട്ടാനുണ്ടെന്നും ഐ.ജി അറിയിച്ചു.

എറണാകുളം വാഴക്കാല മലമേല്‍ വീട്ടില്‍ പരേതരായ എം.സി. ജോണ്‍-ഏലിക്കുട്ടി ദമ്പതികളുടെ മകളായ സിസ്റ്റര്‍ വല്‍സ ജോണ്‍ ചൊവ്വാഴ്ച രാത്രിയിലാണു കൊല്ലപ്പെട്ടത്. പത്തൊമ്പതു വര്‍ഷമായി ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ ഡുംകയ്ക്കു സമീപം പച്ച്‌വാഡ ഗ്രാമത്തില്‍ ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു സിസ്റ്റര്‍. രാത്രി വീട്ടിലെത്തിയ അമ്പതോളം അക്രമികള്‍ സിസ്റ്ററെ കെട്ടിയിട്ട് ഇരുമ്പുദണ്ഡു കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

പ്രദേശത്തെ ആദിവാസികളും കൊല്ലപ്പെട്ട വത്സ ജോണും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. അതിനാല്‍ മാവോവാദികളെ മറയാക്കി സ്ഥലത്തെ കല്‍ക്കരി ഖനി മാഫിയ സിസ്റ്ററോട് പക വീട്ടുകയായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ജാര്‍ഘണ്ഡിലെ ആദിവാസി നേതാവും മുന്‍ എം.പിയുമായ സല്‍ഖാന്‍ മുര്‍മു ആവശ്യപ്പെട്ടു. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുമായും എന്‍.ജി.ഒ സംഘടനകളും പ്രാദേശിക ഖനി കമ്പനികളുമായി സിസ്റ്റര്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന് മുര്‍മു വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കൊപ്പം നിന്ന് ഖനി ഉടമകളില്‍ നിന്നും കനത്ത തുക ഇവര്‍ വാങ്ങിയതായും മുര്‍മു ആരോപിച്ചു. കൊലപാതകത്തിന് പിന്നിലുള്ള വരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം കൊണ്ട് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News
Kerala News in English