ബാംഗ്ലൂര്‍: ജി മാധവന്‍ നായരടക്കം നാലു ശാസ്ത്രജ്ഞന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിന് കാരണമായ അന്വേഷണ റിപ്പോര്‍ട്ട് ഐ.സ്.ആര്‍.ഒ പുറത്തുവിട്ടു. ആന്‍ട്രിക്‌സ്-ദേവാസ് എസ് ബാന്‍ഡ് കരാറില്‍ സുതാര്യത ഇല്ലായിരുന്നുവെന്നും കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാധവന്‍ നായര്‍ക്ക് വീഴ്ച പറ്റിയെന്നുമാണ് ഐ.എസ്.ആര്‍.ഒ പുറത്തു വിട്ട രണ്ടു റിപ്പോര്‍ട്ടിലും പറയുന്നത്.

ദേവാസ് കമ്പനിക്ക് അനുകൂലമായി കരാറുണ്ടാക്കിയതില്‍ ജി.മാധവന്‍ നായരടക്കമുള്ള ശാസ്ത്രജ്ഞര്‍ പ്രധാന ഉത്തരവാദികളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്താക്കുന്നു. ഐ.എസ്.ആര്‍.ഒയുടെ മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കര നാരായണ, ആന്‍ട്രിക്‌സ് മുന്‍മാനേജിങ് ഡയറക്ടര്‍ കെ.ആര്‍ ശ്രീധര മൂര്‍ത്തി, ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ഡയറക്ടര്‍ കെ.എന്‍. ശങ്കര തുടങ്ങിയവരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മറ്റു ശാസ്ത്രജ്ഞര്‍.

Subscribe Us:

കരാറിലേര്‍പ്പെട്ടതില്‍ ഭരണപരമായതോ നടപടിക്രമങ്ങളിലെയോ വീഴ്ച മാത്രമല്ല ഉണ്ടായതെന്നും ഗൂഢാലോചന നടന്നതായി സംശയംമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹിരാകാശ, ധനവകുപ്പുകളുടെ നിയമവിഭാഗങ്ങളുടെ പരിശോധനയില്ലാതെയാണ് കരാറിലേര്‍പ്പെട്ടതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പെന്‍ഷന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായോ മറ്റു നിയമപ്രകാരമോ ഈ ശാസ്ത്രജ്ഞരടക്കം എട്ടു പേര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എസ് ബാന്‍ഡ് ഇടപാട് പരിശോധിച്ച ബി.കെ.ചതുര്‍വേദി കമ്മിറ്റിയും മുന്‍ സി.വി.സി പ്രത്യുഷ് സിന്‍ഹ തലവനായ ഉന്നതതല സംഘവും ശാസ്ത്രജ്ഞരുടെ വീഴ്ച ശരിവയ്ക്കുന്നു. ഇതില്‍ പ്രത്യുഷ് സിന്‍ഹ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ജി മാധവന്‍ നായരടക്കമുള്ള നാലു ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

ഇതേത്തുടര്‍ന്ന് തനിക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ കെ. രാധാകൃഷ്ണനെതിരെ ജി. മാധവന്‍ നായര്‍ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രത്യുഷ് സിന്‍ഹ കമ്മിറ്റിയില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണനും അംഗമായിരുന്നു. വ്യക്തി വിരോധം തീര്‍ക്കാന്‍ രാധാകൃഷ്ണന്‍ തനിക്കെതിരായി റിപ്പോര്‍ട്ട് നല്‍കിയതാണെന്നായിരുന്നു ജി. മാധവന്‍ നായര്‍ ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് ഡോ. രാധാകൃഷ്ണന്റെ ആവശ്യപ്രകാരം ആന്‍ട്രിക്‌സ് ദേവാസ് ഇടപാട് പരിശോധിച്ച രണ്ട് സമിതി റിപ്പോര്‍ട്ടുകളും പുറത്തുവിടാന്‍ ബഹിരാകാശ വകുപ്പ് ഐ.എസ്.ആര്‍.ഒക്ക് അനുമതി നല്‍കിയത്.

ഐ.എസ്.ആര്‍.ഒ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് മാധവന്‍ നായര്‍

Malayalam News
Kerala News in English