Categories

Headlines

ഐ.എസ്.ആര്‍.ഒ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് മാധവന്‍ നായര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള ഐ.എസ്.ആര്‍.ഒ അന്വേഷണ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. ഇപ്പോഴത്തെ ചെയര്‍മാന്‍ രാധാകൃഷ്ണനാണ് പരാതിക്ക് പിന്നിലുള്ളത്. റിപ്പോര്‍ട്ട് വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മാധവന്‍ നായര്‍ പറഞ്ഞു.

ആന്‍ട്രിക്‌സ് ദേവാസ് എസ് ബാന്‍ഡ് ഇടപാട് വിവാദമായതിനെ തുടര്‍ന്നാണ് അഞ്ചംഗ ഉന്നതതല സമിതി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭരണപരമായും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും ഗുരുതരമായ വീഴ്ച ഉണ്ടായെന്നും കരാറില്‍ ഉള്‍പ്പെട്ട ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായരുടെയും ശാസ്ത്രജ്ഞരുടെയും ഭാഗത്തുനിന്ന് സുതാര്യതയില്ലാത്ത സമീപനം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജി. മാധവന്‍നായരെക്കൂടാതെ മുന്‍ സെക്രട്ടറി കെ. ഭാസ്‌കര നാരായണ, മുന്‍ എം.ഡി കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഉപകേന്ദ്രം മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര്‍ എന്നിവരെയാണ് വീഴ്ചയ്ക്ക് ഉത്തരവാദികളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യുഷ് സിന്‍ഹ ചെയര്‍മാനായി 2011 മേയ് 31നാണ് ഉന്നതാധികാരസമിതി രൂപീകരിച്ചത്. ദേവാസുമായി കരാര്‍ ഒപ്പിടുന്നതിനുമുമ്പ് ടെലികോം അടക്കം മറ്റ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി ചര്‍ച്ച നടത്തിയില്ല. ഇതേ സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെടാതെയാണ് രണ്ടു ഉപഗ്രങ്ങള്‍ ദേവാസിനുവേണ്ടി നിര്‍മ്മിച്ചു വിക്ഷേപിക്കാമെന്ന് സമ്മതിച്ചത്. കരാറിന്റെ അംഗീകാരത്തിനായി കേന്ദ്രമന്ത്രിസഭയ്ക്കും ബഹിരാകാശ കമ്മിഷനും കൈമാറിയ വിവരങ്ങള്‍ പൂര്‍ണമോ കൃത്യമോ ആയിരുന്നില്ല.

കരാറില്‍ 2005 ജനുവരി 28ന് ഒപ്പുവച്ച വിവരം മന്ത്രിസഭയില്‍ നിന്നും ബഹിരാകാശ കമ്മിഷനില്‍ നിന്നും മറച്ചുവച്ചിട്ടാണ് ദേവാസിന് ജിസാറ്റ്6 എന്ന ഉപഗ്രഹം നിര്‍മ്മിച്ചു നല്‍കാനുള്ള അംഗീകാരം തേടിക്കൊണ്ട് 2005 നവംബര്‍ 27ന് കാബിനറ്റ് നോട്ട് നല്‍കിയത്.

ദേവാസിനെപ്പോലെ മറ്റു പല സ്ഥാപനങ്ങളും ഇടപാടിനായി ഐ.എസ്.ആര്‍.ഒയെ സമീപിച്ചിരുന്നെന്ന തെറ്റായ ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചു.

ജിസാറ്റ്6എ ഉപഗ്രഹ നിര്‍മ്മാണത്തിന് ബഹിരാകാശ കമ്മിഷന്റെ അംഗീകാരം തേടുമ്പോള്‍ ഇതു സംബന്ധിച്ച് നേരത്തെ കരാറുണ്ടാക്കിയ കാര്യം മറച്ചുവച്ചത് മനഃപൂര്‍വമാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

മാധവന്‍ നായര്‍ വീഴ്ച വരുത്തിയെന്ന് എസ് ബാന്‍ഡ് അന്വേഷണ റിപ്പോര്‍ട്ട്

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.