ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് പല വന്‍ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നുണ്ടെങ്കിലും അദ്ദേഹം പോകാന്‍ തയ്യാറായിരുന്നില്ല.
ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് താരത്തെ ക്ലബ്ബ് ഫുട്‌ബോളിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കിയത്. എന്നാല്‍ ലോകകപ്പിന് ശേഷം നിലവില്‍ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സിന്റെ കരാര്‍ പുതുക്കിയതോടെയാണ് സിദാന്‍ ക്ലബ്ബ് ഫുട്‌ബോളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
അദ്ദേഹം മുമ്പ് പരിശീലിപ്പിച്ച റയല്‍ മാഡ്രിഡിലേക്ക് തന്നെയാണ് മടങ്ങുന്നതെന്ന് ദി അത്ലെറ്റിക്കാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീക സ്ഥാനത്തേക്ക് പോകുന്നതോടെയാണ് സിദാന്‍ റയലില്‍ ജോലിയാരംഭിക്കുക. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
‘കോച്ചിങ്ങിലേക്ക് മടങ്ങുന്നതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഇന്നെനിക്ക് ധാരാളം സമയമുണ്ട്. എന്നാല്‍ അതെത്ര കാലത്തേക്ക് തുടരുമെന്നതില്‍ എനിക്കിപ്പോള്‍ ഉറപ്പ് പറയാനാകില്ല. എന്തായാലും ഒരിടവേളക്ക് ശേഷം ജോലിയില്‍ തുടരുന്നതിന്റെ ആവേശത്തിലാണ് ഞാനിപ്പോള്‍.
അതേസമയം, സിദാന്‍ മുമ്പ് കളിച്ചിരുന്ന ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് പോകാന്‍ സാധ്യതയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി സിദാനും യുവന്റസ് നേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.