ടി-20 ലോകകപ്പില്‍ ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിംബാബ്‌വേ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. ആറ് വിക്കറ്റിനാണ് ഷെവ്‌റോണ്‍സ് ലങ്കയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ നാല് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് അവശേഷിക്കെ 182 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനും സിംബാബ്വേയ്ക്ക് സാധിച്ചു. കളിച്ച നാല് മത്സരങ്ങളിലും വിജയക്കൊടി പാറിച്ചാണ് സിംബാബ്‌വേ കുതിപ്പ് തുടരുന്നത്. വമ്പന്‍മാരായ ഓസ്ട്രേലിയയെയും ലങ്കയെയും തളച്ചാണ് ഷെവ്റോണ്‍സ് ടേബിള്‍ ടോപ്പറായത് എന്ന് എടുത്ത് പറയണം.
മാത്രമല്ല ലങ്കയെ തളച്ചതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും സിംബാബ്‌വേയ്ക്ക് സാധിച്ചിരിക്കുകയാണ്. ഐ.സി.സി ടൂര്‍ണമെന്റില്‍ ആദ്യമായാണ് സിംബാബ്‌വേ ശ്രീലങ്കയ്‌ക്കെതിരെ വിജയം സ്വന്തമാക്കുന്നത്. 1992 മുതലുള്ള ലങ്കയുടെ ഡോമിനേഷനാണ് 2026ല്‍ സിംബാബ്‌വേ തച്ചുടച്ചത്. ഇതോടെ ലോകകപ്പിലെ മറ്റ് ടീമുകള്‍ക്കെല്ലാം വലിയ വെല്ലുവിളിയാണ് സിംബാബ്‌വേ ഉയര്‍ത്തുന്നത്.
മത്സരത്തില്‍ സിംബാബ്‌വേ വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ്. 48 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പടെ 63 റണ്‍സ് നേടി പുറത്താകാതെയാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ പുറമെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 26 പന്തില്‍ നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി. ഓപ്പണര്‍ തടിവനാഷെ മുരാമനി 26 പന്തില്‍ 34 റണ്‍സും നേടി മികവ് പുലര്‍ത്തി. ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ എല്ലാവരും സിംബാബ്‌വേയ്ക്ക് വേണ്ടി തിളങ്ങി.
അതേസമയം ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ നടക്കുന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് ഗ്രൂപ്പ് 2 മത്സരങ്ങളോടെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
സൂപ്പര്‍ 8ല്‍, പ്രത്യേകിച്ച് ഗ്രൂപ്പ് വണ്ണില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തന്നെയായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകള്‍ നാലുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.
ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും പുറമെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ഏത് ചാമ്പ്യന്‍ ടീമിനെയും മുട്ടുകുത്തിക്കാന്‍ പോന്ന സിംബാബ്‌വേയുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.