ഇന്ത്യക്കെതിരെ സിംബാബ്‌വേയുടെ ഒറ്റയാന്‍; ഇത് ബെന്നറ്റിന്റെയും ലോകകപ്പാണ്!
T20 World Cup 2026
ഇന്ത്യക്കെതിരെ സിംബാബ്‌വേയുടെ ഒറ്റയാന്‍; ഇത് ബെന്നറ്റിന്റെയും ലോകകപ്പാണ്!
ഫസീഹ പി.സി.
Friday, 27th February 2026, 12:31 pm

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ സിംബാബ്‌വേ നിരയില്‍ തലയുര്‍ത്തി നിന്ന ഒരു ഒറ്റയാനുണ്ട്. 22 കാരനായ ബ്രയാന്‍ ജോണ്‍ ബെന്നെറ്റ്. തന്റെ ടീമിലെ താരങ്ങളെല്ലാം ഒരു ചെറുത്തുനില്പിന് പോലും ശ്രമിക്കാതെ തിരികെ നടന്നപ്പോഴും ആര്‍ക്ക് മുന്നിലും തല കുനിക്കില്ലെന്ന വാശിയില്‍ താരം തന്റെ ബാറ്റിങ് തുടര്‍ന്നു.

ഒടുവില്‍ തങ്ങളുടെ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ സിംബാബ്‌വേ പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ബെന്നെറ്റ് തലയുയര്‍ത്തി തന്നെയാണ് തിരികെ നടന്നത്. കഴിഞ്ഞ ദിവസം എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ താരം പുറത്തെടുത്ത പോരാട്ടവീര്യം എന്നും ഓര്‍മിക്കപ്പെടുമെന്നത് ഉറപ്പാണ്.

ഇന്ത്യക്കെതിരെ ബെന്നെറ്റ് ഒറ്റയ്ക്ക് നടത്തിയത് ഒരു അസാധാരണ ഇന്നിങ്സാണ്. 59 പന്തില്‍ പുറത്താവാതെ 97 റണ്‍സാണ് താരം അടിച്ചെടുത്തത്. അതായത് സിംബാബ്‌വേ ആകെ നേടിയ 184 റണ്‍സിലെ പകുതിയിലധികവും പിറന്നത് തന്റെ ബാറ്റില്‍ നിന്നാണ്. ആറ് സിക്‌സുകളും 59 ഫോറുകളുമായാണ് ടീമിന്റെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചത്.

ബ്രയാന്‍ ബെന്നെറ്റ്. Photo: Zimbabwe Cricket/x.com

എന്നാല്‍, ഇത് ആദ്യമായല്ല ബെന്നെറ്റ് സിംബാബ്‌വേക്കായി ഈ ലോകകപ്പില്‍ തിളങ്ങുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ താരം ടീമിന്റെ നെടും തൂണായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഒമാനെതിരെ താരം 36 പന്തില്‍ 48 റണ്‍സാണ് എടുത്തത്. ആ മത്സരത്തില്‍ പുറത്താകാതെയായിരുന്നു താരത്തിന്റെ ഈ ഇന്നിങ്സ്.

അതിനുശേഷം നടന്ന രണ്ട് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബെന്നെറ്റ് പുറത്താവാതെ നിന്ന് അര്‍ധ സെഞ്ച്വറി നേടി. ഓസ്ട്രേലിയക്കെതിരെ 56 പന്തില്‍ 64 റണ്‍സാണ് എടുത്തതെങ്കില്‍ ശ്രീലങ്കയ്ക്ക് എതിരെ 48 പന്തില്‍ 63 റണ്‍സാണ് തന്റെ അക്കൗണ്ടിലാക്കിയത്. ഈ മത്സരങ്ങളിലെല്ലാം ദി ഷെവറോണ്‍സ് വിജയിക്കുകയും ചെയ്തു. ഇതിനിടയില്‍ അയര്‍ലാന്‍ഡുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ബ്രയാന്‍ ബെന്നെറ്റ്. Photo: Zimbabwe Cricket/x.com

സൂപ്പര്‍ 8 ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ സിംബാബ്‌വേ മുട്ടുകുത്തിയപ്പോള്‍ ബെന്നറ്റിനും അടിപതറി. ആ മത്സരത്തില്‍ അഞ്ച് പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ ചെയ്യാനായത്. എന്നാല്‍, ഇന്ത്യക്കെതിരെ വന്നപ്പോള്‍ താരം തന്റെ ഫോം വീണ്ടുടുത്തു.

ഇന്ത്യക്കെതിരെ വീണ്ടും മികച്ച ഒരു ഇന്നിങ്സ് തന്നെയാണ് ബെന്നെറ്റ് എന്ന യുവതാരം നടത്തിയത്. മത്സരം അവസാനിക്കുമ്പോള്‍ വെറും മൂന്ന് റണ്‍സിനാണ് താരത്തിന് അര്‍ഹമായ സെഞ്ച്വറി നഷ്ടമായത്. എങ്കിലും ഓര്‍മിക്കാന്‍ സാധിക്കുന്ന ഒരു ലോകകപ്പ് തന്നെയാണ് ഈ സിംബാബ്‌വേ താരത്തിന് 2026 എഡിഷന്‍.

Content Highlight: Zimbabwe’s Brian Bennett has had a  great performance in the T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി