ഒരിക്കല്‍ ആ നടന്‍ എന്നെ സിനിമയിലെ വിപ്ലവകാരിയെന്ന് വിളിച്ചു; എന്തിനാണ് അതെന്ന് അറിയില്ല: സീനത്ത്
Entertainment
ഒരിക്കല്‍ ആ നടന്‍ എന്നെ സിനിമയിലെ വിപ്ലവകാരിയെന്ന് വിളിച്ചു; എന്തിനാണ് അതെന്ന് അറിയില്ല: സീനത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 7:55 am

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് സീനത്ത്. അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച ആളാണ് അവര്‍. ഒപ്പം ഒരുപാട് ടെലിവിഷന്‍ പരമ്പരകളിലും നാടകങ്ങളിലും അഭിനയിക്കാന്‍ സീനത്തിന് സാധിച്ചിട്ടുണ്ട്.

1986 മുതല്‍ക്കാണ് അവര്‍ സിനിമയില്‍ സജീവമാകുന്നത്. അതിന് ശേഷം മലയാളത്തില്‍ നിരവധി മികച്ച വേഷങ്ങള്‍ സീനത്ത് ചെയ്തിട്ടുണ്ട്. 2007ല്‍ പരദേശി എന്ന ചിത്രത്തില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.

ഇപ്പോള്‍ നടന്‍ നരേന്ദ്ര പ്രസാദിനെ കുറിച്ച് സംസാരിക്കുകയാണ് സീനത്ത്. തന്നെ ഒരിക്കല്‍ അദ്ദേഹം ‘സിനിമയിലെ വിപ്ലവകാരി’യെന്ന് വിളിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സീനത്ത്.

‘ഒരിക്കല്‍ നടന്‍ നരേന്ദ്ര പ്രസാദ് എന്നെ സിനിമയിലെ വിപ്ലവകാരിയെന്ന് വിളിച്ചിരുന്നു. അത് എന്നാണെന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ ഒരു സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു അത്.

ഞാന്‍ നരേന്ദ്ര പ്രസാദിന്റെ കൂടെ ആദ്യം അഭിനയിച്ചത് തോവാളപ്പൂക്കള്‍ എന്ന ചിത്രത്തിലാണ്. പിന്നെ കുറേകാലം ഞങ്ങള്‍ ഒരുമിച്ച് പടങ്ങള്‍ ചെയ്തിരുന്നു. പക്ഷെ ഒരിക്കല്‍ അദ്ദേഹം എന്നെ കുറിച്ച് ‘ഇവള്‍ ആരാണെന്ന് അറിയുമോ? സിനിമയിലെ വിപ്ലവകാരിയാണ്’ എന്ന് പറഞ്ഞു.

എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചിരുന്നു (ചിരി). എന്നെ അങ്ങനെ തന്നെയാണ് അദ്ദേഹം വിളിക്കാറുള്ളത്. പക്ഷെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് മാത്രം എനിക്ക് അറിയില്ല.

ചിലപ്പോള്‍ ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് കൊണ്ടായിരിക്കാം. അദ്ദേഹത്തെ എനിക്ക് സിനിമയിലൂടെയുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നോട് അദ്ദേഹം മരിക്കുന്നത് വരെ വളരെ നല്ല പെരുമാറ്റമായിരുന്നു,’ സീനത്ത് പറയുന്നു.


Content Highlight: Zeenath Talks About Narendra Prasad