ആര്‍.സി.ബിയില്‍ അത് കിട്ടിയില്ല, സഞ്ജുവിന് കീഴില്‍ അത് ലഭിച്ചു; തുറന്നുപറഞ്ഞ് ചഹല്‍
Sports News
ആര്‍.സി.ബിയില്‍ അത് കിട്ടിയില്ല, സഞ്ജുവിന് കീഴില്‍ അത് ലഭിച്ചു; തുറന്നുപറഞ്ഞ് ചഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th July 2023, 8:03 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരമാണ് യുസ്വേന്ദ്ര ചഹല്‍. റോയല്‍സിനെ നിരവധി വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന്റെ ബൗളിങ് പ്രകടനം സഹായിച്ചിട്ടുണ്ട്. റോയല്‍സില്‍ എത്തുന്നതിന് മുമ്പ് ആര്‍.സി.ബിയുടെ പ്രധാന താരമായിരുന്നു ചഹല്‍.

റോയല്‍സില്‍ വന്നതിന് ശേഷം ഒരു ക്രിക്കറ്ററെന്ന നിലയില്‍ കൂടുതല്‍ വളര്‍ന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. ആര്‍.സി.ബിയില്‍ ദീര്‍ഘകാലം കളിച്ചിട്ടും തനിക്കു ലഭിച്ചിട്ടില്ലാത്ത ചില റോളുകള്‍ റോയല്‍സ് നല്‍കിയിട്ടുണ്ടെന്നും നായകന്‍ സഞ്ജു സാംസണിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ചഹല്‍ വ്യക്തമാക്കി.

2022-ലെ സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിലായിരുന്നു അദ്ദേഹത്തെ റോയല്‍സ് സ്വന്തമാക്കിയത്. 2021 സീസണിന് ശേഷം കൈവിട്ട ചഹലിനെ ലേലത്തില്‍ ആര്‍.സി.ബി തിരികെ വാങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതു സംഭവിച്ചില്ല. ഇതോടെയാണ് അദ്ദേഹം റോയല്‍സിലേക്കു വരുന്നത്.

ലേലത്തില്‍ തിരിച്ചെടുക്കാമെന്നു ആര്‍.സി.ബി തനിക്ക് വാക്കുനല്‍കിയിരുന്നതായും പക്ഷെ അതു പാലിച്ചില്ലെന്നും ചഹല്‍ തുറന്നടിക്കുന്നു. ആ സമയത്തു തനിക്കു നല്ല ദേഷ്യവും നിരാശയും തോന്നിയിരുന്നതായും താരം പറയുന്നു. രണ്‍വീര്‍ അല്ലാബാഡിയയുടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചഹല്‍.

‘ലേലത്തിനായി ഞാന്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ എന്നെ തിരികെ വാങ്ങാന്‍ ഏതറ്റം വരെയും പോവുമെന്നായിരുന്നു ആര്‍.സി.ബി ഉറപ്പ് നല്‍കിയത്. ഞാന്‍ ഓക്കെയെന്നു പറയുകയും ചെയ്തു. പക്ഷെ അവര്‍ അത് പാലിക്കാതിരുന്നപ്പോള്‍ എനിക്കു വലിയ ദേഷ്യം തോന്നി. രണ്ട്-മൂന്നു ദിവസം കോച്ചുമാരോടൊന്നും ഞാന്‍ സംസാരിച്ചില്ലെന്നാണ് തോന്നുന്നത്. ആര്‍.സി.ബിക്കെതിരേ റോയല്‍സിനായി ഐപിഎല്ലിലെ ആദ്യത്തെ മല്‍സരം കളിച്ചപ്പോഴും ഞാന്‍ ആരുമായും സംസാരിച്ചിട്ടില്ലായിരുന്നു,’ ചഹല്‍ വെളിപ്പെടുത്തി.

‘ആര്‍.സി.ബി എന്നെ നിലനിര്‍ത്താതിരുന്നപ്പോള്‍ അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്റെ യാത്ര തുടങ്ങിയത് 2014ല്‍ ആര്‍.സി.ബിക്കൊപ്പമാണ്. ലേലത്തില്‍ അവര്‍ എന്നെ കൈവിട്ടപ്പോള്‍ വളരെ വിചിത്രമായിട്ടാണ് തോന്നിയത്. കാരണം എട്ടു വര്‍ഷം ഞാന്‍ ഈ ഫ്രാഞ്ചൈസിക്കു വേണ്ടിയാണ് കളിച്ചിട്ടുള്ളത്,’ ചഹല്‍ പറഞ്ഞു.

ആര്‍.സി.ബിക്ക് വേണ്ടി നടത്തിയ പ്രകടനമാണ് തനിക്ക് ഇന്ത്യന്‍ ക്യാപ് നേടിത്തന്നതെന്നും വിരാട് തന്നില്‍ വിശ്വസിച്ചിരുന്നു അതുകൊണ്ട് തന്നെ അവര്‍ കൈവിട്ടപ്പോള്‍ ഒരുപാട് വിഷമമായെന്നും അദ്ദേഹം പറയുന്നു. ലേലത്തില്‍ അന്ന് സംഭവിച്ചത് പിന്നീട് നല്ലതിനാണന്ന് തോന്നിയെന്നും റോയല്‍സില്‍ തനിക്ക് ഡെത്ത് ഓവര്‍ ബൗളറാവാന്‍ സാധിച്ചുവെന്നും ചഹല്‍ വ്യക്തമാക്കി.

‘ലേലത്തില്‍ എന്തും സംഭവിക്കാം. എന്ത് സംഭവിച്ചാലും അതു നല്ലതിനായിരിക്കുമെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ ഡെത്ത് ഓവര്‍ ബൗളറായ മാറിയെന്നതാണ് രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നതിന് ശേഷമുള്ള ഒരു പ്ലസ് പോയിന്റ്. ആര്‍.സി.ബിയില്‍ ആയിരുന്നപ്പോല്‍ എന്റെ ക്വാട്ട 16-17 ഓവറുകള്‍ ആവുമ്പോഴേക്കും കഴിയുമായിരുന്നു. പക്ഷെ രാജസ്ഥാനില്‍ ഞാന്‍ ഡെത്ത് ഓവറിലും ബൗള്‍ ചെയ്യാന്‍ തുടങ്ങി. ക്രിക്കറ്റില്‍ എന്റെ വളര്‍ച്ച 5-10 ശതമാനം ഇപ്പോള്‍ മെച്ചപ്പട്ടിരിക്കുകയാണ്. ആര്‍.സി.ബിയോടുള്ള പഴയ അടുപ്പം തീര്‍ച്ചയായും ഇപ്പോഴുമുണ്ട്. പക്ഷെ രാജസ്ഥാനിലേക്ക് വന്നത് ക്രിക്കറ്ററെന്ന നിലയില്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്,’ ചഹല്‍ കൂട്ടിച്ചേര്‍ത്തു.

റോയല്‍സിനായി കഴിഞ്ഞ രണ്ട് സീസണുകളിലും മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. 2022ല്‍ 17 കളിയില്‍ നിന്നും 27 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് ചഹല്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 14 കളിയില്‍ 21 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

Content Highlight: Yuzvendra Chahal talks about his role in RCB and RR