'അഭിമന്യു കുടുംബ സഹായ ഫണ്ടില്‍ തിരിമറി നടത്തി'; മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ പരാതിയുമായി യൂത്ത് ലീഗ്
Kerala News
'അഭിമന്യു കുടുംബ സഹായ ഫണ്ടില്‍ തിരിമറി നടത്തി'; മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ പരാതിയുമായി യൂത്ത് ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 7:43 pm

കോഴിക്കോട്: കത്വ ഫണ്ട് തിരിമറി ആരോപണത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ കേസ് എടുത്തതിന് പിന്നാലെ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ പരാതി നല്‍കി യൂത്ത് ലീഗ്.

മഹാരാജാസ് കോളെജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ട് വെട്ടിച്ചെന്നാരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.ഐ.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെതിരെ യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കിയത്.

കുന്ദമംഗലം പൊലീസിലാണ് യൂത്ത് ലീഗും പരാതി നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ല കമ്മറ്റി മുഖേന 71 ലക്ഷം രൂപയും എറണാകുളം ജില്ല കമ്മറ്റി ഫെഡറല്‍ ബാങ്ക് അക്കൌണ്ട് മുഖേന 2,39,74,881 രൂപയും എസ്.എഫ്.ഐ മുഖേന 35 ലക്ഷം രൂപയും സമാഹരിച്ചെന്നും എന്നാല്‍ കേവലം 60 ലക്ഷം രൂപയോളം മാത്രമാണ് വീട് വെക്കാനും കുടുംബത്തിന്റെ മറ്റു ആവശ്യങ്ങള്‍ക്കുമായി പാര്‍ട്ടി വിനിയോഗിച്ചിട്ടുള്ളതെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നത്.

ഇതില്‍ നിന്ന് രണ്ട് കോടി എഴുപത് ലക്ഷം രൂപയോളം വകമാറ്റി ചിലവഴിച്ചതായും യൂത്ത് ലീഗ് ആരോപിക്കുന്നു. ഇത് കൂടാതെ ദല്‍ഹി കലാപ ബാധിതരെ സഹായിക്കാനെന്ന പേരില്‍ നടത്തിയ പണപിരിവിലൂടെ ലഭിച്ച ഫണ്ടും വകമാറ്റി ചിലവഴിച്ചെന്നും യൂത്ത് ലീഗ് ആരോപിച്ചു.

സംഭവത്തില്‍ ഐ.പി.സി 420 വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ തനിക്കെതിരെ കേസ് എടുത്തതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കുമെന്നും കേസ് എടുക്കുമോയെന്ന് എന്ന് നോക്കാമെന്നും പി.കെ ഫിറോസ് പറഞ്ഞിരുന്നു.

തങ്ങളും പരാതി കൊടുക്കാന്‍ പോവുകയാണ്. അഭിമന്യുവിന്റെ പേരിലും ദല്‍ഹി കലാപത്തിന് പിന്നാലെയും സി.പി.ഐ.എം പിരിവ് നടത്തിയിട്ടുണ്ട്. ഒരു വെള്ള കടലാസില്‍ ആക്ഷേപം ഉന്നയിച്ച് പരാതി കൊടുത്താല്‍ പിണറായിക്കും കോടിയേരിക്കും എതിരെ കേസെടുക്കുമോ എന്ന് നോക്കാം. അതില്‍ നിന്നും പൊലീസിന്റെ നിലപാട് വ്യക്തമാവുമല്ലോ, എന്നാണ് പി.കെ ഫിറോസ് പറഞ്ഞത്.

കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെയാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്.

യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നാണ് പരാതി.

ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരനോട് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

യൂസഫ് പടനിലം ആരോപണം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുകയും പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ കേസ് നടത്തിപ്പിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് കേസ് നടത്തുന്നതെന്നും പറഞ്ഞ് അഭിഭാഷക ദീപിക സിംഗ് രജാവത്ത് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Youth League files complaint against CM Pinarayi Vijayan and Kodiyeri Balakrishnan