'വാഴ ഇല്ലാത്തത് കൊണ്ടാണ് ഇല്ലേല്‍ വാഴ വെച്ചേനെ'യെന്ന്‌ പ്രവര്‍ത്തകര്‍; വാഴയില്ലാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ കൊടിവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
Kerala News
'വാഴ ഇല്ലാത്തത് കൊണ്ടാണ് ഇല്ലേല്‍ വാഴ വെച്ചേനെ'യെന്ന്‌ പ്രവര്‍ത്തകര്‍; വാഴയില്ലാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ കൊടിവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2025, 9:57 pm

തലശേരി: വാഴയില്ലാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ കൊടിവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒഴിഞ്ഞുകിടക്കുന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ കൊടി സ്ഥാപിച്ചതിന് ശേഷം ‘വാഴ ഇല്ലാത്തത് കൊണ്ടാണ് ഇല്ലേല്‍ വാഴ വെച്ചേനെ’ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി.

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണെന്നും ഈ കെട്ടിടം പൊളിക്കാന്‍ തീരുമാനം എടുത്തിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പണികളൊന്നും നടന്നില്ല എന്നതാണ് ആശുപത്രിക്ക് നേരെ ഉയര്‍ന്ന പ്രധാന ആരോപണം. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

നാഥനില്ല കളരി പോലെയാണ് കണ്ണൂര്‍ ജില്ല ആശുപത്രിയെന്നും എവിടെപ്പോയി അധികാരികളെന്നും മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാം. പാവപ്പെട്ട രോഗികളൈ ബലി കൊടുക്കുകയാണെന്നും ശമ്പളമല്ലേ കിട്ടുന്നതെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നുണ്ട്.

പഴകിയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കാനെത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹം ഓഫീസില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സൂപ്രണ്ടിന്റെ കസേരയില്‍ കൊടി സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഓഫീസിന്റെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവില്‍ പോലീസ് എത്തി പ്രവര്‍ത്തകരെ നീക്കുകയായിരുന്നു.

എന്നാല്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായുള്ള പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നുമാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

 കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പേവിഷബാധയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചതില്‍ അനാസ്ഥയുണ്ടെന്ന്‌ കാണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാനമായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇത് പിന്നീട് സംഘര്‍ഷാവസ്ഥയിലേക്കും നയിച്ചു.

Content Highlight: Youth Congress protests by placing a flag on the chair of the Kannur District Hospital Superintendent