മേപ്പാടി: യൂത്ത് കോണ്‍ഗ്രസ് നാഥനില്ലാ കളരി പോലെയായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. ഒന്നുകില്‍ യൂത്ത് കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്നും അല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കണമെന്നും ജഷീര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ജഷീറിന്റെ പ്രതികരണം.
‘നാഥനില്ലാ കളരിയല്ലേ നമ്മുടെ സുജിത്തിന്റെ യൂത്ത് കോണ്‍ഗ്രസ്, ഒന്നില്ലേ പിരിച്ചു വിടുക, അല്ലേ ഉടനെ പ്രഖ്യാപിക്കുക,’ ജഷീര്‍ പ്രതികരിച്ചത് ഇങ്ങനെ. ഫേസ്ബുക്കിലൂടെയാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
അതേസമയം 2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായത്. ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് സുജിത്ത്. സംഭവദിവസം രാത്രി റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിന്റെ സുഹൃത്തുക്കളെ പട്രോളിങ്ങിന് എത്തിയ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചത്. മദ്യപിച്ച് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ആരോപിച്ചായിരുന്നു പൊലീസ് മര്‍ദനം. ഷര്‍ട്ട് പോലും ധരിക്കാനനുവദിക്കാതെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ പിറ്റേന്ന് വൈദ്യപരിശോധന നടത്തി യുവാവിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും മദ്യപിച്ചെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സുജിത്തിന് കോടതി ജാമ്യം നല്‍കുകയും ചെയ്തു.
എസ്.ഐ നൂഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് മര്‍ദനം നടന്നത്. മൂന്ന് പൊലീസുകാര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിച്ചത്. സുജിത്തിനെ പൊലീസുകാര്‍ ചേര്‍ന്ന് ഇടിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മര്‍ദനത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയുമുണ്ടായി.
ഇതിനിടെ വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ മര്‍ദന വീഡിയോ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. നിലവില്‍ വിവരാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് സുജിത്തിന് വീഡിയോ ലഭിച്ചത്.
Content Highlight: Youth Congress is a leaderless party; if it cannot declare a president, it should be dissolved: Jasheer Pallivayal