തിരുവനന്തപുരം: ഹിന്ദു സമുദായിക സംഘടനകൾ ഐക്യപ്പെടുന്നതിൽ കോൺഗ്രസിനോ യൂത്ത് കോൺഗ്രസിനോ പരാതിയില്ലെന്നും എന്നാലത് അപരമത വിദ്വേഷം ആകുമ്പോൾ അത് ശ്രീനാരായണീയ തത്വങ്ങൾക്കും, മാനവികതക്കും വിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ ഒ.ജെ.ജനീഷ്.
ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാൻ സി.പി.ഐ.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന ശ്രമങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെന്ന് ഒ.ജെ.ജനീഷ് പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വലിയ സ്ഥാനമുള്ള രണ്ട് പ്രസ്ഥാനങ്ങളെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്ന പ്രസ്താവനകൾ ആയി മാത്രമേ നമുക്കതിനെ കാണാൻ കഴിയുള്ളുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
അപരമത വിദ്വേഷം വളർത്തും വിധത്തിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകളെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ കേരളീയ സമൂഹത്തോട് ഉത്തരവാദിത്തമുള്ള നേതാക്കളൊക്കെ തള്ളിപ്പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപരമത വിദ്വേഷത്തിൽ ഊന്നിയുള്ള ഐക്യത്തെക്കുറിച്ച് സംസാരിക്കാൻ സന്ദർഭമൊരുക്കിക്കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിനും ബി ജെ പിക്കും ഭാവിയിൽ വളരാനുള്ള മണ്ണൊരുക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ഒ.ജെ.ജനീഷ് പറഞ്ഞു.
ഇതിനെ ശരിയായി മനസ്സിലാക്കി പ്രതിരോധിക്കുക എന്നത് മതനിരപേക്ഷ സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള വലിയ സമരത്തിന്റെ ഭാഗമാണെന്നും അതിനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യർ തമ്മിലാണ് ഐക്യമുണ്ടാകേണ്ടത്. വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ മാനവികതയുടെ, മൂല്യങ്ങളുടെ ഐക്യപ്പെടലാണ് ഉണ്ടാകേണ്ടത്. ശ്രീനാരായണീയ ത്വത്വങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും പ്രസ്താവനകൾ ഉണ്ടാക്കാനിടയുള്ള അപകടത്തിന്റെ ആഴം സി. പി.ഐ.എമ്മിന് മനസ്സിലായിട്ടുണ്ട്. ഭരണത്തിൽ മൂന്നാമൂഴത്തിന് സഹായിച്ചേക്കാമെന്ന മിഥ്യാധാരണയിൽ അത്തരം പ്രസ്താവനകളെ ന്യായീകരിക്കുകയും തള്ളിപ്പറയാതിരിക്കുകയുമാണ് പിണറായി വിജയനുൾപ്പെടെയുള്ള സി. പി.ഐ.എം നേതാക്കൾ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സി.പി.ഐ.എം നയിക്കുന്ന സർക്കാറിനെ പ്രകീർത്തിക്കാൻ ഇവർ തയ്യാറാകുമ്പോൾ, പിണറായിയുടെ ഭൂരിപക്ഷ പ്രീണന തന്ത്രത്തിന്റെ ഭാഗമാണ് തങ്ങളെന്ന് പറയാതെ പറയുകയാണ് ജി സുകുമാരൻ നായരും, വെള്ളാപ്പള്ളിയും. പ്രസ്തുത സമുദായ അംഗങ്ങൾ കൂടി ഉൾപ്പെടുന്ന കേരളീയ ജനതയുടെ ജീവിത പ്രശ്നങ്ങളിൽ ഈ സര്ക്കാർ വച്ച് പുലർത്തിയ നിസംഗതയെ, മുതലെടുപ്പിനെയെല്ലാം വെള്ളപൂശുകയുമാണ് ഇരുവരുടെയും പ്രസ്താവനകൾ,’ ഒ.ജെ.ജനീഷ് പറഞ്ഞു.
എസ്.എൻ.ഡി.പി യെയോ ശ്രീനാരായണീയ സമൂഹത്തെയൊ അല്ല പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞതെന്നും ഇത്തരം പ്രസ്താവനകളെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് സമുദായ അംഗങ്ങളുടെ നിലപാട് അല്ല എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ അത്തരം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വർഗീയ പ്രസ്താവനകളെ തള്ളിപ്പറയുന്നത് ഏതെങ്കിലും സമുദായത്തോടുള്ള വിരോധമല്ല മറിച്ച് അത്തരം പ്രസ്താവനകളോടുള്ള എതിർപ്പ് മാത്രമാണ്,’ ഓ.ജെ ജനീഷ്.
കേരളത്തെ ഇരുണ്ടകാലത്തിലേക്ക് തിരികെക്കൊണ്ടുപോകാൻ പാകത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സമുദായ നേതൃത്വങ്ങളെ ജനം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഹിന്ദു മഹാമണ്ഡലം, നായരീഴവ ഐക്യം, നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമെന്ന് തുടങ്ങി മുൻകാലത്ത് പറഞ്ഞതും നടപ്പാക്കാൻ ശ്രമിച്ചതുമായ കാര്യങ്ങൾ കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് മണ്ണൊരുക്കാനുള്ള ശ്രമമായിരുന്നുവെന്നത് പകൽ പോലെ വ്യക്തമാണ്. അതിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ വീണ്ടും പറയുന്ന ഹിന്ദു സമുദായിക സംഘടനകളുടെ ഐക്യപ്പെടൽ,’ അദ്ദേഹം പറഞ്ഞു.
Content Highlight: Youth Congress has no complaint about Hindu organizations uniting; it should not be due to religious hatred: O.J. Janeesh