സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി; ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധവും
Kerala News
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി; ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th July 2022, 3:17 pm

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ.

ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്ന് പറഞ്ഞയാള്‍ക്ക് മന്ത്രിയായിരിക്കാന്‍ അവകാശമില്ലെന്ന് ഷാഫി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

മന്ത്രി ഭരണഘടനാ ശില്‍പിയായ ബി.ആര്‍. അംബേദ്കറെ ഉള്‍പ്പെടെയാണ് അവഹേളിച്ചിരിക്കുന്നത്.
ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറഞ്ഞു.

‘ഭരണഘടന അപകീര്‍ത്തിപ്പെടുത്തി സത്യപ്രതിജ്ഞ ലംഘനവും Prevention of Insult to National Honor Act 1971 പ്രകാരം ക്രിമിനല്‍ കുറ്റവും നടത്തിയ ബഹു: ഫിഷറിസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ് ബഹു: കേരള ഗവര്‍ണര്‍ക്കും ബഹു: സ്പീക്കര്‍ക്കും കത്ത് നല്‍കി. കൂടാതെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിയോടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് ഓഫ് ഇന്ത്യക്കും പരാതി നല്‍കും,’ ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. തൊഴിലാളികള്‍ക്ക് ഭരണഘടന യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ലെന്നും പത്തനംതിട്ടയില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു.