കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റ്; ദിവ്യ എസ്. അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
Kerala News
കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റ്; ദിവ്യ എസ്. അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th April 2025, 5:01 pm

തിരുവനന്തപുരം: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കെ.കെ. രാഗേഷിനെ സോഷ്യല്‍ മീഡിയയില്‍ പ്രകീര്‍ത്തിച്ച സംഭവത്തില്‍ ഐ.എ.എസ് ദിവ്യ എസ്. അയ്യര്‍ക്കെതിരെ പരാതി.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനാണ് പരാതി നല്‍കിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

ചട്ട ലംഘനത്തിന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. നേരത്തെ റവലൂഷനറി യൂത്ത് ഫ്രണ്ടും ദിവ്യക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. റവലൂഷനറി യൂത്ത് ഫ്രണ്ട് തൃശൂര്‍ ജില്ലാ സെക്രട്ടറി ആസാദ് കാശ്മീരിയാണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിനെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിച്ചതിനെ തുടര്‍ന്നാണ് ദിവ്യ എസ്. അയ്യര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

‘കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആര്‍ കവചം… ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്ന് വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്,’ എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യ പ്രതികരിച്ചത്.

പിന്നാലെ ദിവ്യക്കെതിരെ കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നത് എന്നെങ്കിലും ഓര്‍ക്കണമെന്നായിരുന്നു വിജില്‍ മോഹനന്റെ പ്രതികരണം. ദിവ്യ പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ എന്നാണ് മുരളീധരന്‍ പ്രതികരിച്ചത്.

തുടര്‍ന്ന് ദിവ്യ എസ്. അയ്യരുടെ പങ്കാളിയും മുന്‍ എം.എല്‍.എയുമായ കെ.എസ്. ശബരിനാഥനെയും കോണ്‍ഗ്രസ് അനുകൂലികള്‍ പരസ്യമായി അധിക്ഷേപിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് കമന്റുകള്‍ ഇട്ടുകൊണ്ടായിരുന്നു ശബരിനാഥനെതിരായ അധിക്ഷേപം.

ഇതിനിടെ സൈബര്‍ ആക്രമണത്തിനെതിരെ ദിവ്യ എസ്. അയ്യര്‍ രംഗത്തെത്തിയിരുന്നു. ചില മനുഷ്യരുടെ നന്മകള്‍ ലോകത്തോട് വിളിച്ച് പറഞ്ഞതിനാണ് വിമര്‍ശനവും കയ്‌പ്പേറിയ പ്രതികരണം നേരിട്ടതെന്നുമാണ് ദിവ്യ പ്രതികരിച്ചത്. ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ച് പോകുന്നുവെന്നും ദിവ്യ പ്രതികരിച്ചിരുന്നു.

Content Highlight: Youth Congress complaint against Divya S. Iyer