തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.
രമേശ് ചെന്നിത്തലയുടെ ചിത്രം ഷെയര്‍ ചെയ്തും പ്രൊഫൈല്‍ പിക്ചറായി പങ്കുവെച്ചുമാണ് അദ്ദേഹത്തിനായി സോഷ്യല്‍ മീഡയയില്‍ രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സംസ്ഥാന ഭാരവാഹികളടക്കമുള്ള പ്രമുഖ നേതാക്കളാണ് തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിക്കൊണ്ട് ഈ ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചിരിക്കുന്നത്.
തലയില്‍ ബാന്‍ഡ് കെട്ടി കെ.എസ്.യുവിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രമാണ് പ്രചാരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നത്. ‘ലീഡര്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഇവര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.
നേരത്തെ വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും വേണ്ടി നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞത് മുതല്‍ വി.ഡി. സതീശനായി അദ്ദേഹത്തിന്റെ അനുയായികളും കെ.സി. വേണുഗോപാലിനായി അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കളും രംഗത്തിറങ്ങിയിരുന്നു.
എന്നാല്‍ കുറച്ചു കാലം മാറിനിന്നെങ്കിലും വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും ഇപ്പോള്‍ കളം നിറയുകയാണ്.
എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗമെന്ന നിലയിലും മുന്‍ പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അര്‍ഹതയുള്ള ആള്‍ രമേശ് ചെന്നിത്തലയാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം.
ഹൈക്കമാന്‍ഡ് ആണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കുന്നതെങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ നേതാവിന് അനുകൂലമായ ഒരു സാഹചര്യം ഒരുക്കുകയാണ് ഈ ക്യാമ്പെയ്‌നുകളിലൂടെ അണികള്‍ ലക്ഷ്യമിടുന്നത്.
യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കള്‍ക്കിടയിലെ ഈ ‘കസേരകളി’ രൂക്ഷമായിരിക്കുന്നത്.
Content Highlight: Youth Congress and KSU launch profile picture campaign for Ramesh Chennithala