11 വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍ ഷാരൂഖ് ഖാന്‍ ആദ്യം പറഞ്ഞ കാര്യം അതായിരുന്നു, അദ്ദേഹത്തില്‍ നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല: യോഗി ബാബു
Entertainment
11 വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍ ഷാരൂഖ് ഖാന്‍ ആദ്യം പറഞ്ഞ കാര്യം അതായിരുന്നു, അദ്ദേഹത്തില്‍ നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല: യോഗി ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 9:22 am

തമിഴിലെ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് യോഗി ബാബു. അമീര്‍ സംവിധാനം ചെയ്ത യോഗി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന യോഗി ബാബു 2018ല്‍ പുറത്തിറങ്ങിയ കോലമാവ് കോകില എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 100ലധികം ചിത്രങ്ങളില്‍ അഭിനയിച്ച യോഗി ബാബു നായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാനുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. കരിയറിന്റെ തുടക്കത്തില്‍ ഷാരൂഖ് നായകനായ ചെന്നൈ എക്‌സ്പ്രസില്‍ ചെറിയൊരു രംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ജവാന്റെ ഷൂട്ടിനായി താരത്തെ വീണ്ടും കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് യോഗി ബാബു.

11 വര്‍ഷത്തിന് ശേഷമാണ് താന്‍ ഷാരൂഖിനെ കാണുന്നതെന്നും അറ്റ്‌ലീയാണ് തന്നെ അദ്ദേഹത്തിനടുത്തേക്ക് കൊണ്ടുപോയതെന്നും യോഗി ബാബു പറഞ്ഞു. തന്നെ കണ്ടതും ഹായ് എന്ന് ഷാരൂഖ് പറഞ്ഞെന്നും 11 വര്‍ഷത്തിന് ശേഷമാണല്ലോ കാണുന്നതെന്ന് ചോദിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലത്തിന് ശേഷം തന്നെ ഓര്‍ത്തിരിക്കുമെന്ന് താന്‍ കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു യോഗി ബാബു.

‘ഷാരൂഖ് സാറിനെ ജവാന്റെ സെറ്റില്‍ വെച്ച് കണ്ടത് മറക്കാനാകില്ല. ആ സിനിമയില്‍ എനിക്ക് ചെറിയൊരു വേഷമായിരുന്നു. മുംബൈയിലായിരുന്നു ഷൂട്ട്. ജവാന് മുമ്പ് ഷാരൂഖ് സാറിന്റെ ചെന്നൈ എക്‌സ്പ്രസില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. പുള്ളിക്ക് അത് ഓര്‍മയുണ്ടോ എന്ന് പോലും അറിയില്ലായിരുന്നു.

അറ്റ്‌ലീയാണ് എന്നെ ഷാരൂഖ് സാറിന്റെയടുത്തേക്ക് കൊണ്ടുപോയത്. എന്നെ കണ്ടതും ‘ഹലോ യോഗി, എന്തൊക്കെയുണ്ട്? സുഖമാണോ? 11 വര്‍ഷമായെന്ന് തോന്നുന്നു നമ്മള്‍ കണ്ടിട്ട്’ എന്ന് ചോദിച്ചു. എന്നെ ഓര്‍ത്തിരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതമായി. എന്റെ കൂടെയിരുന്ന് കുറച്ചുനേരം കൂടി സംസാരിച്ചിട്ടാണ് അദ്ദേഹം ഷോട്ടിന് പോയത്.

ഓഡിയോ ലോഞ്ചിലും എന്നെക്കുറിച്ച് അഞ്ച് മിനിറ്റിനടുത്ത് സംസാരിച്ചു. വലിയ താരമായിട്ടും ഓരോരുത്തരെയും എങ്ങനെ ട്രീറ്റ് ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അത് ഷാരൂഖ് സാറിന് മാത്രമല്ല, അദ്ദേഹത്തെപ്പോലെയുള്ള വലിയ സ്റ്റാറുകളുടെയെല്ലാം പ്രത്യേകതയാണ്. നമ്മളെല്ലാം അതൊക്കെ കാണുമ്പോള്‍ അവരെ അറിയാതെ സ്‌നേഹിച്ചുപോകും,’ യോഗി ബാബു പറയുന്നു.

Content Highlight: Yogi Babu shares the shooting experience with Shah Rukh Khan in Jawaan movie