നായകനായി തിളങ്ങി നില്‍ക്കുന്ന അദ്ദേഹം എന്നെ നായകനാക്കി സിനിമയെടുക്കുന്നു എന്ന് പറയുമ്പോള്‍ അത് വലിയ കാര്യമല്ലേ: യോഗി ബാബു
Entertainment
നായകനായി തിളങ്ങി നില്‍ക്കുന്ന അദ്ദേഹം എന്നെ നായകനാക്കി സിനിമയെടുക്കുന്നു എന്ന് പറയുമ്പോള്‍ അത് വലിയ കാര്യമല്ലേ: യോഗി ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 7:03 am

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് യോഗി ബാബു. അമീര്‍ സംവിധാനം ചെയ്ത യോഗി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന യോഗി ബാബു 2018ല്‍ പുറത്തിറങ്ങിയ കോലമാവ് കോകില എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 100ലധികം ചിത്രങ്ങളില്‍ അഭിനയിച്ച യോഗി ബാബു നായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

തമിഴ് താരം രവി മോഹനെക്കുറിച്ച് സംസാരിക്കുകയാണ് യോഗി ബാബു. തില്ലാലങ്കടി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി രവി മോഹനെ കാണുന്നതെന്ന് യോഗി ബാബു പറഞ്ഞു. ആ സിനിമയില്‍ തനിക്ക് ചെറിയ വേഷമായിരുന്നെങ്കിലും രവിയുമായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചെന്നും ഈ സമയം വരെ അത് നല്ല രീതിയില്‍ കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ തന്നെയാണ് നായകനാക്കുന്നതെന്നും തനിക്ക് അത് ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണെന്നും താരം പറയുന്നു. ഒരു വര്‍ഷത്തോളം മറ്റ് കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ സംവിധാനത്തില്‍ തന്നെ അദ്ദേഹത്തിന് ശ്രദ്ധിക്കേണ്ടി വരുമെന്നും യോഗി ബാബു പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രവി മോഹന്‍, സിനിമയില്‍ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. തില്ലാലങ്കടി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ രവിയെ ആദ്യമായി കാണുന്നത്. അതില്‍ ഞാന്‍ ചെറിയൊരു വേഷമായിരുന്നു ചെയ്തത്. അന്ന് പരിചയപ്പെട്ട സമയത്ത് തുടങ്ങിയ സൗഹൃദം ഇന്നും നല്ല രീതിയില്‍ കൊണ്ടുപോകുന്നുണ്ട്.

രവി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ നായകായി തെരഞ്ഞെടുത്തത് എന്നെയാണ്. ഒരു വര്‍ഷത്തോളം സംവിധാനത്തില്‍ തന്നെ ശ്രദ്ധിക്കേണ്ടി വരും. മറ്റൊന്നും ചിന്തിക്കാന്‍ സാധിക്കില്ല. ജൂലൈ അവസാനമോ അല്ലെങ്കില്‍ ഓഗസ്റ്റ് മാസം തുടക്കത്തിലോ ആ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്നാണ് കരുതുന്നത്.

കോമഡി സിനിമയായാണ് അത് പ്ലാന്‍ ചെയ്യുന്നത്. രവി വലിയൊരു ഹീറോയാണ്. അയാള്‍ക്ക് തന്നെ നായകനായി അഭിനയിക്കാമെന്നിരിക്കെ എന്നെ നായകനാക്കുന്നു എന്ന് പറയുന്നത് വലിയ കാര്യമല്ലേ. അത് എനിക്ക് വലിയ കാര്യം തന്നെയാണ്. രവിയോടൊപ്പമുള്ള സൗഹൃദം എനിക്ക് നല്ല അവസരങ്ങളാണ് നല്‍കിയത്,’ യോഗി ബാബു പറയുന്നു.

Content Highlight: Yogi Babu about his friendship with Ravi Mohan