ലഖ്നൗ: കേരള സര്‍ക്കാരിന്റെ പിന്തുണയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ. സമ്മേളനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി യു.പി മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണക്കത്തിന് മറുപടി നല്‍കിക്കൊണ്ടാണ് അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥ് പിന്തുണ അറിയിച്ചത്.
ധര്‍മത്തിന്റെ ദിവ്യ സംരക്ഷകനാണ് അയ്യപ്പനെന്നും അദ്ദേഹത്തിന്റെ പാതയെ പ്രകാശിപ്പിക്കാനും സ്വാതിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഭക്തരെ പ്രചോദിപ്പിക്കാനും അയ്യപ്പ സംഗമത്തിനാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഐക്യം ശക്തിപ്പെടുത്തുന്നതിനായി പുരാതന ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ആഗോള അയ്യപ്പ സംഗമത്തിന് ഇന്ന് വളരെയധികം പ്രാധാന്യമുണ്ടെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ദേവസ്വം മന്ത്രി വി.എന്‍. വാസവന് നന്ദി പറഞ്ഞുകൊണ്ടാണ് യു.പി മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം പ്രതിപക്ഷം ആഗോള അയ്യപ്പ സംഗമത്തെ ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിലാണ് യു.പി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്.
അയ്യപ്പ സംഗമം നടത്തുന്നതില്‍ ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ ഹിന്ദുത്വ സംഘടനകളും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചിരുന്നു. പന്തളം കൊട്ടാരവും അയ്യപ്പ സംഗമത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.
എന്നാല്‍ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്. കെ.പി.എം.എസ് തുടങ്ങിയ സംഘടനകളും നേതാക്കന്മാരും അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിക്കുകയാണ് ചെയ്തത്.
ഇന്ന് (ശനി) രാവിലെയോടെ ആരംഭിച്ച ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യപ്പ സംഗമത്തില്‍ ഇന്ന് ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ത്ഥാടന തിരക്ക് നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.