തൃശൂര്‍: ആഗോള അയ്യപ്പ സംഗമത്തിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിച്ചതില്‍ വിമര്‍ശനവുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സഹദേവന്‍.
ഗുജറാത്തിലെ ബജ്‌രംഗി ഭായ്ജാനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാന്‍ വിട്ടുപോയത് ക്ഷമിക്കാന്‍ കഴിയാത്ത തെറ്റായിപ്പോയെന്ന് കുറിച്ചുകൊണ്ട് സഹദേവന്‍ പരിഹസിച്ചു.
‘ഗുജറാത്തിലെ ബജ് രംഗി ഭായ്ജാനെ (ബാബു ബജ്‌രംഗി) ക്ഷണിക്കാന്‍ വിട്ടുപോയത് അക്ഷന്തവ്യമായ തെറ്റായിപ്പോയി സഖാക്കളേ,’ സഹദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ച യു.പി മുഖ്യമന്ത്രിയെ കുറിച്ചുള്ള ഡൂള്‍ന്യൂസിന്റെ വാര്‍ത്ത പങ്കുവെച്ചാണ് സഹദേവന്റെ പ്രതികരണം.
സഖാത്വത്തില്‍ നിന്നും സംഘിത്വത്തിലേക്കുള്ള മെറ്റാ മോര്‍ഫോസിസിന് ഒഴിച്ചുകൂടാനാകാത്തൊരു പരികര്‍മിയെയായിരുന്നു നഷ്ടപ്പെടുത്തിയതെന്നും സഹദേവന്‍ പരിഹസിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണക്കത്തിന് മറുപടി നല്‍കിക്കൊണ്ടാണ് യോഗി ആദിത്യനാഥ് ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചത്.
ധര്‍മത്തിന്റെ ദിവ്യ സംരക്ഷകനാണ് അയ്യപ്പനെന്നും അദ്ദേഹത്തിന്റെ പാതയെ പ്രകാശിപ്പിക്കാനും സ്വാതിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഭക്തരെ പ്രചോദിപ്പിക്കാനും അയ്യപ്പ സംഗമത്തിനാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ഐക്യം ശക്തിപ്പെടുത്തുന്നതിനായി പുരാതന ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണെന്നും യോഗി പ്രതികരിച്ചിരുന്നു. സംസ്ഥാന ദേവസ്വം മന്ത്രി വി.എന്‍. വാസവന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു യു.പി മുഖ്യമന്ത്രിയുടെ മറുപടി.
സമ്മേളനത്തിനിടെ യു.പി മുഖ്യമന്ത്രിയുടെ ആശംസ സന്ദേശം മന്ത്രി വായിച്ച് കേള്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെ (ശനി) രാവിലെ ഒമ്പരയോടെ ആരംഭിച്ച ആഗോള അയ്യപ്പ സംഗമം, ശബരിമല വികസനത്തിനായി 18 അംഗ സമിതി പ്രഖ്യാപിച്ചുകൊണ്ടാണ് അവസാനിച്ചത്. കൈതപ്രത്തിന്റെ അയ്യപ്പശ്ലോകത്തോടെയാണ് അയ്യപ്പ സംഗമത്തിന് തുടക്കമായത്.
Content Highlight: Uttar Pradesh CM Yogi Adityanath’s invitation to global Ayyappa sangamam draws criticism