സന: ഇസ്രഈലി തുറമുഖങ്ങളുമായി വ്യാപാരം നടത്തുന്ന കമ്പനികളുടെ കപ്പലുകളെ അവരുടെ ദേശീയത പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് പ്രഖ്യാപിച്ച് ഹൂത്തികൾ. ഇസ്രഈലിനെതിരായ സൈനിക നടപടികളുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനമെന്ന് ഹൂത്തി സൈനിക വക്താവ് അമീൻ ഹയ്യാൻ പറഞ്ഞു.
ഫലസ്തീന് ജനതക്കുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയായ ബാബ് എൽ മന്ദേബ് കടലിടുക്കിലെ കപ്പലുകളെയാണ് സായുധ സംഘം ലക്ഷ്യമിടുന്നത്.
കമ്പനികൾ അവരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ അവരുടെ രാജ്യമോ ലക്ഷ്യസ്ഥാനമോ പരിഗണിക്കാതെ കപ്പലുകൾ ആക്രമിക്കപ്പെടുമെന്ന് ഹൂത്തികളുടെ സൈനിക വക്താവ് ഒരു ടെലിവിഷൻ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ‘ഈ ഘട്ടത്തിൽ ഞങ്ങളുടെ ശത്രുക്കളായ ഇസ്രഈലുമായി വ്യാപാരം നടത്തുന്ന ഏതൊരു കമ്പനിയുടെയും എല്ലാ കപ്പലുകളെയും ലക്ഷ്യം വെക്കുന്നതായിരിക്കും. ആ കമ്പനിയുടെ ദേശീയത പരിഗണിക്കാതെ ഞങ്ങളുടെ സായുധ സേനയുടെ പരിധിയിലുള്ള ഏത് സ്ഥലത്തും ആക്രമണങ്ങൾ ഉണ്ടാകും,’ അദ്ദേഹം പറഞ്ഞു.
ഈ ആക്രമണങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും ഗസയിലെ ഉപരോധം നീക്കാൻ സമ്മർദം ചെലുത്തണമെന്നും ഹയ്യാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
2023 ഒക്ടോബറിൽ ഗസയിൽ ഇസ്രഈൽ വംശഹത്യ ആരംഭിച്ചതുമുതൽ ഹൂത്തികൾ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നുണ്ട്.
ജനുവരിയിൽ ഹൂത്തികളെ വിദേശ ഭീകര സംഘടനയായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആരംഭിച്ച ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരെ ലക്ഷ്യം വെച്ചും സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചും സൈനികരെ കൊലപ്പെടുത്തിയും ആക്രമണം ഉണ്ടായി. ഇതുവരെ 200ലധികം ആക്രമണങ്ങൾ ഉണ്ടായതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂത്തികൾ 2023 നവംബർ മുതൽ 100ലധികം കപ്പൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആ കാലയളവിൽ, അവർ രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കുറഞ്ഞത് നാല് നാവികരെ ആക്രമണത്തിൽ ഹൂത്തികൾ കൊലപ്പെടുത്തിയിരുന്നു. ഇത് ആഗോള ഷിപ്പിങ്ങിനെ തടസപ്പെടുത്തി. ഇതോടെ കമ്പനികളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീർഘവും ചെലവേറിയതുമായ വഴികളിലൂടെ കപ്പലുകൾ വഴിതിരിച്ച് വിടേണ്ടി വന്നു.
Content Highlight: Yemen’s Houthis threaten to target ships linked to firms dealing with Israeli ports