സന: മുതിര്‍ന്ന സൈനിക നേതാവും ചീഫ് ഓഫ് സ്റ്റാഫുമായ മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് യെമന്‍ സായുധ സംഘമായ ഹൂത്തികള്‍. തന്റെ കടമകള്‍ നിര്‍വഹിക്കുന്നതിനിടയില്‍ ഗമാരിയും കൗമാരക്കാരനായ മകന്‍ ഹുസൈനും കൊല്ലപ്പെട്ടുവെന്ന് ഹൂത്തികള്‍ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
മരണത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍, ഇസ്രഈലിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് എന്നതിന്റെ സൂചന പ്രസ്താവനയിലുണ്ട്. സയണിസ്റ്റുകള്‍ക്ക് അവരുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ലഭിക്കുമെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘രാജ്യത്തിനെതിരെയായ അമേരിക്കന്‍ – സയണിസ്റ്റ് ആക്രമണത്തില്‍ നിരവധി സൈനിക നേതാക്കളും സിവിലന്‍സും രക്തസാക്ഷികളായി. മേജര്‍ ജനറല്‍ മുഹമ്മദ് അബ്ദുള്‍ കരീം അല്‍ ഗമാരിയും അദ്ദേഹത്തിന്റെ 13 വയസുകാരനായ മകന്‍ ഹുസൈന്‍ എന്നിവര്‍ ചില കൂട്ടാളികളോടൊപ്പം ജിഹാദി പ്രവര്‍ത്തനത്തിനിടയിലും മതപരമായ കടമ നിര്‍വഹിക്കുന്നതിനിടയിലും രക്തസാക്ഷികളായിട്ടുണ്ട്.
ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. സയണിസ്റ്റുകള്‍ക്ക് അവരുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ലഭിക്കും,’ ഹൂത്തി പ്രസ്താവനയിലൂടെ പറഞ്ഞു.
അല്‍ ഗമാരിയുടെ മരണവിവരം ഹൂത്തികള്‍ പുറത്ത് വിട്ടതിന് പിന്നാലെ ഇസ്രഈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഓഗസ്റ്റ് മാസം അവസാനത്തില്‍ യെമനിലെ സനയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഗമാരി കൊല്ലപ്പെട്ടതെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ഹൂത്തികളുടെ ഭീഷണി ഒഴിവാക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചിട്ടുണ്ടെന്നും ഭാവിയിലും ഇത് തന്നെ തുടരുമെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓഗസ്റ്റില്‍ ഇസ്രഈല്‍ യമനില്‍ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഹൂത്തി വിമതര്‍ നയിക്കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍ രഹാവി കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ഹൂത്തി സര്‍ക്കാര്‍ പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അതിഫി തുടങ്ങിയ നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.
Content Highlight: Yemen’s Houthis say military chief of staff Mohammed al-Ghamari killed; Israel claims responsibility