ഇസ്രഈലില്‍ വീണ്ടും ഹൂത്തി ആക്രമണം; 22 പേര്‍ക്ക് പരിക്ക്
World
ഇസ്രഈലില്‍ വീണ്ടും ഹൂത്തി ആക്രമണം; 22 പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 8:13 am

ടെല്‍ അവീവ്: ഇസ്രഈലില്‍ ഡ്രോണാക്രമണം നടത്തി യെമനിലെ ഹൂത്തി വിമതസംഘം. തെക്കന്‍ ഇസ്രഈലി നഗരമായ എയ്ലറ്റിലാണ് ഇന്നലെ ബുനാഴ്ച രാത്രി ഡ്രോണാക്രമണം നടന്നത്. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

ആക്രമണം നടന്നതായി ഇസ്രഈലി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോണ്‍ ആക്രമണം തടയാന്‍ സൈന്യം ശ്രമിച്ചെങ്കിലും അത് ചെങ്കടല്‍ തീരത്തെ എയ്ലറ്റില്‍ പതിക്കുകയായിരുന്നുവെന്നും പ്രദേശത്ത് നിന്ന് ജനങ്ങളെ സൈന്യം ഒഴിപ്പിക്കുകയുമാണെന്ന് ഇസ്രഈലി ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) പ്രസ്താവനയിലൂടെ പറഞ്ഞു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹൂത്തികള്‍ ഇസ്രഈലിനെ ലക്ഷ്യമിട്ട് തങ്ങള്‍ നിരവധി ഡ്രോണുകള്‍ തൊടുത്തതായും ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിച്ചെന്നും പറഞ്ഞു. ഉം അല്‍-റഷ്റാഷ്, ബിര്‍ അല്‍-സബ എന്നിവിടങ്ങളിലെ ഇസ്രഈല്‍ സൈനിക താവളങ്ങള്‍ അക്രമിച്ചുവെന്നും ഹൂത്തി വക്താവ് യഹ്യ സാരി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലിനെ അക്രമിച്ചവര്‍ക്കെതിരെ പതിന്മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

‘ഇറാന്‍, ലെബനന്‍, ഗസ എന്നിവിടങ്ങളില്‍ നിന്ന് ഹൂത്തികള്‍ പാഠം ഉള്‍ക്കൊള്ളുന്നില്ല. അവര്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടും,’ കാറ്റ്‌സ് പറഞ്ഞു.

അതേസമയം, കഴിഞ്ഞാഴ്ച ഹൂത്തികള്‍ ഇസ്രഈലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ആക്രമിച്ചിരുന്നു. യെമനിലെ ഹൊദൈദ തുറമുഖം ഇസ്രഈല്‍ ആക്രമിച്ചതിന് തിരിച്ചടിയായിട്ടായിരുന്നു ഈ ആക്രമണം. 12 മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഈ ആക്രമണമെന്ന് യെമന്‍ മാധ്യമമായ അല്‍ മസൈറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, സെപ്റ്റംബറില്‍ ഇസ്രായേല്‍ പല തവണ യെമനില്‍ ആക്രമണം നടത്തിയിരുന്നു. ഖത്തറിലെ ആക്രമണത്തില്‍ പിന്നാലെ നടത്തിയ യെമനിലെ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: Yeman’s Houthis launch drone attack in Israeli city of Eliat and 22 injured in attack