എല്ലാ ഫെസ്റ്റിവല്‍ ദിനങ്ങളിലും ഞാന്‍ അയക്കും മുമ്പ് ആ സൂപ്പര്‍സ്റ്റാറിന്റെ മെസേജ് ഇങ്ങോട്ട് വരും: യവനിക ഗോപാലകൃഷ്ണന്‍
Entertainment
എല്ലാ ഫെസ്റ്റിവല്‍ ദിനങ്ങളിലും ഞാന്‍ അയക്കും മുമ്പ് ആ സൂപ്പര്‍സ്റ്റാറിന്റെ മെസേജ് ഇങ്ങോട്ട് വരും: യവനിക ഗോപാലകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 4:59 pm

പണ്ടത്തെ ഹിറ്റ് മെഗാ സീരിയലായ സ്ത്രീയിലെ ചന്ദ്രേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് യവനിക ഗോപാലകൃഷ്ണന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം മലയാളി ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട നടനാണ്.

സീരിയലുകളിലും സിനിമകളിലുമായി നിരവധി അച്ഛന്‍ വേഷങ്ങളും മാഷ് കഥാപാത്രങ്ങളും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നടന്‍ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് യവനിക ഗോപാലകൃഷ്ണന്‍.

ഒരാള്‍ മാത്രം, കുഞ്ഞനന്തന്റെ കട, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് അദ്ദേഹം.

‘ഞാന്‍ ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ ഒരാള്‍ മാത്രം എന്ന സിനിമയിലായിരുന്നു. അതിന് ശേഷം രണ്ടുമൂന്ന് പടങ്ങള്‍ ചെയ്തു. കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകളിലൊക്കെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിരുന്നു.

കുഞ്ഞനന്തന്റെ കട എന്ന സിനിമയില്‍ ഫുള്‍ ലെങ്ത്തുള്ള കഥാപാത്രമായിരുന്നു. 32 ദിവസം ഞാനും മമ്മൂക്കയും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ എന്നും രാവിലെ എഴുന്നേറ്റാല്‍ ആദ്യം നമസ്‌തേ എന്ന മെസേജ് അയക്കുന്നത് മമ്മൂക്കയ്ക്കാണ്.

മിക്ക ദിവസങ്ങളിലും അദ്ദേഹം എനിക്കും തിരിച്ച് മെസേജ് അയക്കും. എല്ലാ ഫെസ്റ്റിവല്‍ ദിവസങ്ങളിലും ഞാന്‍ മെസേജ് അയക്കും മുമ്പ് അദ്ദേഹത്തിന്റെ മെസേജ് ഇങ്ങോട്ട് വന്നിട്ടുണ്ടാകും. അങ്ങനെയുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്,’ യവനിക ഗോപാലകൃഷ്ണന്‍ പറയുന്നു.


Content Highlight: Yavanika Gopalakrishnan Talks About Mammootty’s Message