ആര്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി, അജിത് ഡോവലിനെ കണ്ടു; കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്
India
ആര്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി, അജിത് ഡോവലിനെ കണ്ടു; കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th September 2025, 7:34 am

ന്യൂദല്‍ഹി: കശ്മീരില്‍ സമാധാനത്തിനും പ്രശ്‌നപരിഹാരത്തിനുമായി 1990 മുതലുള്ള ആറ് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ടെന്ന് കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്. ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് മേധാവിയായ യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന എന്‍.ഐ.എയുടെ ഹരജിയില്‍ ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാലിക് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവിലാണ് യാസിന്‍ മാലിക്.

ശ്രീനഗറിലെ തന്റെ വസതിയില്‍ വെച്ച് രണ്ട് ശങ്കരാചാര്യരുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും 2011ല്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളുമായി അഞ്ച് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നും സത്യവാങ്മൂലത്തിലത്തില്‍ പറയുന്നു.

ന്യൂദല്‍ഹിയിലെ ഇന്റര്‍നാഷനല്‍ സെന്ററില്‍ വെച്ചായിരുന്നു ചര്‍ച്ച. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡയലോഗ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ എന്ന തിങ്ക് ടാങ്കാണ് ചര്‍ച്ച സംഘടിപ്പിച്ചത്. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ അന്നത്തെ ചെയര്‍പേഴ്സന്‍ അഡ്മിറല്‍ കെ.കെ. നായര്‍ തന്നെ പലതവണ ഉച്ചഭക്ഷണത്തിന് അദ്ദേഹത്തിന്റെ വസതിയിലേക്കും ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററിലേക്കും ക്ഷണിച്ചെന്നും യാസിന്‍ മാലിക് പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയും ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയും തന്റെ സമാധാന ശ്രമങ്ങളെ പിന്തുണച്ചതായും യാസിന്‍ മാലിക്ക് പറയുന്നു.

ദല്‍ഹിയില്‍ വെച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കണ്ടിരുന്നെന്നും അദ്ദേഹം അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ശ്യാമള്‍ ദത്തയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയെയും പരിചയപ്പെടുത്തിയെന്നും മാലിക് പറഞ്ഞു. കശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി ഗൗരവമായെടുത്തിട്ടുണ്ടെന്ന് പറഞ്ഞ ഇരുവരും വെടിനിര്‍ത്തലിന് പിന്തുണയാവശ്യപ്പെട്ടെന്നും യാസിന്‍ അവകാശപ്പെട്ടു.

പാകിസ്ഥാനുമായുള്ള സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് 2006ല്‍ ലഷ്‌കറെ ത്വയിബ തലവന്‍ ഹാസിഫ് സയീദുമായി കൂടിക്കാഴ്ച നടത്തിയതെന്നും അതിന്റെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ് തന്നെ അഭിനന്ദിച്ചെന്നും മാലിക് പറഞ്ഞു.

1994ല്‍ താന്‍ സ്വമേധയാ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണെന്നും കേന്ദ്രത്തിലെ സര്‍ക്കാരുകളുമായുണ്ടായിരുന്ന ധാരണയിലാണ് തനിക്കെതിരെ ഭീകരവാദപ്രവര്‍ത്തനത്തിന് കേസെടുക്കാതിരുന്നതെന്നും മാലിക് പറഞ്ഞു. ജമ്മു-കശ്മിരിന് പ്രത്യേ കപദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയശേഷം 35 വര്‍ഷം പഴക്കമുള്ള കേസില്‍ വിചാരണ തുടങ്ങുകയായിരുന്നെന്നും യാസിന്‍ മാലിക് സത്യവാങ്മൂലത്തില്‍ പറഞ്ഞു. നവംബര്‍ പത്തിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

Content Highlight: Yasin Malik says he has cooperated with six central governments since 1990 for peace and problem-solving