ലോകത്തിന് മുമ്പില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്നും അവതരിപ്പിക്കാന്‍ കഴിയുന്ന പുതിയൊരു ചിത്രമെന്ന നിലയില്‍ അനൗണ്‍ സ്മെന്റ് മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ.ചിച്ചോരിക്ക് ശേഷം സംവിധായകന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്.

രാമായണ. Photo: X.com

എ.ആര്‍ റഹ്‌മാനും ലോകപ്രശസ്ത സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറും ചേര്‍ന്ന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നാലായിരം കോടി മുതല്‍ മുടക്കില്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് രാമായണ ഒരുക്കുന്നതെന്ന് നിര്‍മാതാവ് നമിത് മല്‍ഹോത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്ക് പിന്നാലെയും നിര്‍മാതാവിന്റെ വാക്കുകള്‍ പരിഹസിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ സംഭവത്തെ കുറിച്ച് യഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാമായണയില്‍ പ്രധാന കഥാപാത്രമായ രാവണനെ അവതരിപ്പിക്കുന്നത് യഷ് ആണ്.

‘എന്റെ പങ്കാളിയായ നമിത് മല്‍ഹോത്രയെക്കുറിച്ച് ഇന്ന് സംസാരിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഇന്ത്യയിലെ പ്രൊമോഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അമേരിക്കയിലെ എല്ലാ ബിസിനസ് കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്.

4,000 കോടി രൂപ എന്ന കണക്കിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത് ഇന്റര്‍നെറ്റിലാകെ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ആരെങ്കിലും ആത്മവിശ്വാസത്തോടെ സംസാരിക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ട് തോന്നുന്നു എന്നത് നമ്മുടെ നാട്ടിലെ ഒരു പ്രശ്‌നമാണ്. എന്നാല്‍ അമേരിക്കയില്‍, നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

അവിടെച്ചെന്ന്, ഒരു നിശ്ചിത ബജറ്റില്‍ ഞങ്ങള്‍ ഒരു സിനിമ നിര്‍മിക്കുന്നു എന്ന് വിനയത്തോടെ പറഞ്ഞാല്‍, അവര്‍ അതിനെ ഒരു ചെറിയ പ്രോജക്ടായി കണ്ട് അവഗണിച്ചേക്കാം. ഒരു സിനിമ നിര്‍മിക്കാന്‍ ഇത്രയും കോടി രൂപ മുടക്കുന്നുണ്ടെന്നും, അതാണ് ഞങ്ങളുടെ കരുത്തെന്നും ആത്മവിശ്വാസത്തോടെ തന്നെ പറയേണ്ടതുണ്ട്. ഇതാണ് ഇന്ത്യ.

രാമായണ. Photo: X.com

താന്‍ ചെയ്യുന്ന ജോലിയുടെ പശ്ചാത്തലത്തിലാണ് നമിത് അത്തരമൊരു പ്രസ്താവന നടത്തിയത്. ഈ തുകയെ മൊത്തത്തില്‍ രണ്ട് ഭാഗങ്ങളായി തിരിക്കാം: സിനിമയുടെ പ്രൊഡക്ഷന്‍ ചെലവും പ്രൊമോഷന്‍ ചെലവും. ഇവ രണ്ടും ചേര്‍ന്നാണ് ആ സംഖ്യയില്‍ എത്തിനില്‍ക്കുന്നത്,’ യഷ് പറഞ്ഞു.

Content Highlight: Yash talks about the budget of ramayana and producer namith malhothra