ഇന്ത്യയിലെ എല്ലാ ഐമാക്‌സ് സ്‌ക്രീനുകളും ബ്ലോക്ക് ചെയ്തു, റിലീസിന് മുമ്പ് കൂലിക്ക് പണി കൊടുത്ത് യഷ് രാജ് ഫിലിംസ്, രജിനിയോട് മുട്ടരുതെന്ന് സോഷ്യല്‍ മീഡിയ
Entertainment
ഇന്ത്യയിലെ എല്ലാ ഐമാക്‌സ് സ്‌ക്രീനുകളും ബ്ലോക്ക് ചെയ്തു, റിലീസിന് മുമ്പ് കൂലിക്ക് പണി കൊടുത്ത് യഷ് രാജ് ഫിലിംസ്, രജിനിയോട് മുട്ടരുതെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 3:18 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷിന് ഈ വര്‍ഷം ഓഗസ്റ്റില്‍ കളമൊരുങ്ങുകയാണ്. ബോളിവുഡ് ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം വാര്‍ 2വും രജിനികാന്തിന്റെ കൂലിയുമാണ് ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ബജറ്റ് കൊണ്ടും സ്റ്റാര്‍ കാസ്റ്റ് കൊണ്ടും മുന്നിട്ടുനില്‍ക്കുന്ന രണ്ട് സിനിമകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയം ആര്‍ക്കാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

എന്നാല്‍ റിലീസിന് ഒരു മാസത്തിലധികം ബാക്കി നില്‍ക്കേ കൂലിക്ക് പുതിയ രീതിയില്‍ പണി കൊടുത്തിരിക്കുകയാണ് യഷ് രാജ് ഫിലിംസ്. രണ്ട് ചിത്രങ്ങളും ഐമാക്‌സ് ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ എല്ലാ ഐമാക്‌സ് സ്‌ക്രീനുകളും വാര്‍ 2വിനായി യഷ് രാജ് ഫിലിംസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

കൂലിയെ സംബന്ധിച്ച് ഇത് വലിയൊരു തിരിച്ചടിയായാണ് പലരും കണക്കാക്കുന്നത്. ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിക്കാന്‍ യഷ് രാജ് ഫിലിംസിന്റെ ഈ നീക്കം കാരണമാകും. ഐമാക്‌സ് സ്‌ക്രീനില്‍ മാത്രമല്ല, ഓവര്‍സീസ് സ്‌ക്രീനുകളിലും റെസ്റ്റ് ഓഫ് ഇന്ത്യയിലും കൂലിയുടെ സ്‌ക്രീനുകള്‍ കുറക്കാനാണ് യഷ് രാജ് ഫിലിംസ് ശ്രമിക്കുക.

എന്നാല്‍ യഷ് രാജിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുകയാണ്. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും അതിനായി ഇത്തരം മോശം നീക്കങ്ങള്‍ നടത്തരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എത്ര തന്നെ ഒതുക്കാന്‍ ശ്രമിച്ചാലും അപ്പുറത്ത് നില്‍ക്കുന്നത് രജിനികാന്താണെന്നും അയാളുടെ സ്റ്റാര്‍ഡത്തെ വിലകുറച്ച് കാണരുതെന്നും യഷ് രാജിന് മറ്റ് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇത്തരം നീക്കങ്ങള്‍ യഷ് രാജ് ആദ്യമായല്ല ചെയ്യുന്നത്. 2012ല്‍ അജയ് ദേവ്ഗണ്‍ ചിത്രമായ സണ്‍ ഓഫ് സര്‍ദാര്‍ എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് യഷ് രാജിന്റെ ഷാരൂഖ് ചിത്രം ജബ് തക് ഹേ ജാനും പുറത്തിറങ്ങിയിരുന്നു. ക്ലാഷില്‍ വളരെ കുറച്ച് സ്‌ക്രീനുകള്‍ മാത്രമായിരുന്നു സണ്‍ ഓഫ് സര്‍ദാറിന് ലഭിച്ചത്. ഇതിനെതിരെ അജയ് ദേവ്ഗണ്‍ കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു.

13 വര്‍ഷങ്ങള്‍ക്ക് ശേഷം വൈ.ആര്‍.എഫ് മറ്റൊരു ക്ലാഷിനൊരുങ്ങുമ്പോള്‍ സ്ഥിതിഗതികള്‍ പഴയതുപോലെയല്ല. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ബോളിവുഡിനെക്കാള്‍ റീച്ച് നേടുന്ന സമയത്ത് ഒരേ ടെംപ്ലേറ്റിലൊരുങ്ങുന്ന സ്‌പൈ യൂണിവേഴ്‌സ് കഥയുമായി യഷ് രാജ് എത്തുമ്പോള്‍ മുന്‍തൂക്കം രജിനിയുടെ കൂലിക്ക് തന്നെയാണ്.

Content Highlight: Yash Raj films booked all 33 Imax screens for War 2