സിനിമ വിജയിക്കുകയാണെങ്കില്‍ പുറത്തുപോയി കൊട്ടിഘോഷിക്കണമെന്ന് കരുതുന്നില്ല, രാജാവാണെന്നു സ്വയം പറഞ്ഞാല്‍ പിന്നെ നിങ്ങളൊരു രാജാവല്ല: യഷ്
Film News
സിനിമ വിജയിക്കുകയാണെങ്കില്‍ പുറത്തുപോയി കൊട്ടിഘോഷിക്കണമെന്ന് കരുതുന്നില്ല, രാജാവാണെന്നു സ്വയം പറഞ്ഞാല്‍ പിന്നെ നിങ്ങളൊരു രാജാവല്ല: യഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th December 2022, 5:13 pm

ഒരു നടന്‍ എങ്ങനെ ആവണമെന്നുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നു പറയുകയാണ് യഷ്. ഒരു സിനിമ വിജയിക്കുകയാണെങ്കില്‍ അതിനെ പറ്റി പുറത്ത് പോയി കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും പ്രേക്ഷകര്‍ തന്നെ അത് ചെയ്യുമ്പോഴാണ് ഭംഗിയെന്നും യഷ് പറഞ്ഞു. ഫിലിം കമ്പാനിയനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത്.

കെ.ജി.എഫിന്റെ വമ്പന്‍ വിജയത്തിന് ശേഷം അഭിമുഖങ്ങള്‍ നല്‍കാത്തതിനെ പറ്റിയും പൊതുവേദികളിലെത്താത്തതിനെ പറ്റിയുമുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഒരു നടന്‍ കാഴ്ചക്കാരന്റെ സ്വപ്ന ലോകത്തേക്കുള്ള പാലം ആണെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും അവര്‍ കടന്ന് പോകുന്നത് ആ അഭിനേതാവിലൂടെയാണ്. എന്നെകുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ അവര്‍ എവിടെ വെച്ച് എന്റെ കഥാപാത്രങ്ങളുമായി കണക്ട് ആവുമെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് അഭിനയം എന്റെ ജോലിയായാണ് കരുതുന്നത്.

നമ്മുടെ സിനിമ വിജയിക്കുകയാണെങ്കില്‍ അതിനെ പറ്റി പുറത്തുപോയി കൊട്ടിഘോഷിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. രാജാവാണെന്നു സ്വയം പറഞ്ഞാല്‍ പിന്നെ നിങ്ങളൊരു രാജാവല്ല. വിജയിച്ച എല്ലാവരും പുറത്തു പോയി അവരുടെ വിജയം കൊട്ടിഘോഷിക്കണമെന് ഞാന്‍ കരുതുന്നില്ല. നിങ്ങളുടെ വിജയം പ്രേക്ഷകര്‍ അറിയുക തന്നെ ചെയ്യും.

എന്റെ പ്രേക്ഷകരും എന്റെ ആരാധകരും വളരെ സ്മാര്‍ട്ട് ആണ്. ഞാന്‍ ഓരോ ദിവസവും അവരുടെ ഒപ്പമെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നെക്കാളും നന്നായി അവരാണ് ഈ ലോകത്തെ മനസിലാക്കുന്നത്. ഞാന്‍ മികച്ചവനാണെന്നും വലിയവനാണെന്നും തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്ക് അത് മനസിലാവും. മറ്റേ നടനെക്കാളും ഞാനാണ് വലിയവന്‍ എന്നാണ് ഇവന്‍ പറയുന്നതെന്ന് അവര്‍ വിചാരിക്കും.

നമ്മള്‍ നമ്മളായി തന്നെ ഇരുന്നാല്‍ മതി. അവര്‍ തന്നെ നമ്മളെ കുറിച്ച് ലോകത്തോട് പറഞ്ഞുകൊള്ളും, അവര്‍ പറയുമ്പോഴാണ് അതിനു കൂടുതല്‍ ഭംഗി,’ യഷ് പറഞ്ഞു.

കെ.ജി.എഫ് ചാപ്റ്റര്‍ ടുവില്‍ ഹിറ്റായ നെപ്പോട്ടിസത്തിനെ പറ്റിയുള്ള ഡയലോഗിനെ കുറിച്ചും യഷ് സംസാരിച്ചു. ‘ആ ഡയലോഗുകള്‍ സിനിമ കുടുംബത്തില്‍ നിന്നോ സിനിമ പശ്ചാത്തലത്തില്‍ നിന്നോ വന്ന ആരെയും ഉദ്ദേശിച്ചുള്ളതല്ല. എന്നെ സംബന്ധിച്ച് നെപ്പോട്ടിസം ഏതെങ്കിലും ആക്ടറിന്റെയോ പ്രൊഡ്യൂസറിന്റെയോ മക്കള്‍ സിനിമയിലേക്ക് വരുന്നതല്ല, മറിച്ച് അവര്‍ അത് മറ്റുള്ളവരെ താഴ്ത്തിക്കെട്ടാന്‍ ഉപയോഗിക്കുതാണ്, അഭിനയം അവരുടെ മാത്രം അവകാശവും കുത്തകയുമാണെന്ന് കരുതുമ്പോഴാണ്. അത് തെറ്റാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007ല്‍ മിനിസ്‌ക്രീനില്‍ നിന്നുമാണ് യഷ് സിനിമാ ലോകത്തേക്ക് എത്തുന്നത്. മൂങ്കിനാ മനസ്സിനിട ആണ് താരത്തിന്റെ ആദ്യ ചിത്രം. കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം മറ്റ് പ്രോജക്ടുകള്‍ ഇതുവരെ പ്രഖ്യാപിക്കാത്ത താരം ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Content Highlight: Yash opens up about his views on how to become an actor