യാഷ് 19; ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ റോക്കിങ് സ്റ്റാര്‍ യാഷ് നായകനാകുന്ന ചിത്രം; ടൈറ്റില്‍ പുറത്തുവിട്ടു
Entertainment news
യാഷ് 19; ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ റോക്കിങ് സ്റ്റാര്‍ യാഷ് നായകനാകുന്ന ചിത്രം; ടൈറ്റില്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th December 2023, 11:44 am

ഒന്നര വര്‍ഷത്തിന് ശേഷം റോക്കിങ് സ്റ്റാര്‍ യാഷ് തന്റെ അടുത്ത ചിത്രമായ ‘ടോക്‌സിക് – എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ പ്രഖ്യാപിച്ചു.

ഈ ചിത്രത്തിലൂടെ രാജ്യാന്തര തലത്തില്‍ പ്രശസ്തയായ സംവിധായിക ഗീതു മോഹന്‍ദാസും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളിലൊരാളായ യാഷും ഒരുമിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

‘ടോക്‌സിക് – എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ എന്ന ടൈറ്റില്‍ പുറത്തുവിട്ട് കൊണ്ടുള്ള വീഡിയോ, പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. വീഡിയോയുടെ കൂടെ റിലീസ് തീയതിയും പുറത്തു വിട്ടു. ചിത്രം 2025 ഏപ്രില്‍ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും

‘ഞാന്‍ എപ്പോഴും എന്റെ നരേറ്റീവ് സ്‌റ്റൈലില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ‘ലയേഴ്‌സ് ഡൈസി’നും ‘മൂത്തോനും’ അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു.

ആ ചിന്തയില്‍ നിന്നാണ് ഈ സിനിമ ഉടലെടുത്തത്. ‘ടോക്‌സിക് – എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്. സിനിമയില്‍ നായകനായി ഞാന്‍ യാഷിനെയാണ് കണ്ടെത്തിയത്.

ഞാന്‍ മനസ്സില്‍ കണ്ടത് പോലെ ഏറ്റവും മിടുക്കനായ ഒരാളാണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ഞാന്‍ ഏറെ ആവേശത്തിലാണ്,’ സംവിധായിക ഗീതു മോഹന്‍ദാസ് പറഞ്ഞു.

‘ഇതുവരെയുള്ള ഞങ്ങളുടെ ഏറ്റവും വലിയ പ്രൊജക്റ്റിനായി റോക്കിങ് സ്റ്റാര്‍ യാഷുമായി ഒരുമിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

യാഷും ഗീതുവും ശക്തമായ നരേറ്റീവിലൂടെയും മാസീവ് ആക്ഷനിലൂടെയും ഒന്നിനും യാതൊരു മാറ്റവും വരുത്താത്തതിനാല്‍ സിനിമ പൂര്‍ത്തിയാവാന്‍ സമയമെടുത്തു.

ഞങ്ങള്‍ നിര്‍മിക്കുന്ന ഈ മികവുറ്റതും ഗംഭീരവുമായ സിനിമക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നു,’ ചിത്രത്തിന്റെ നിര്‍മാതാവ് വെങ്കട്ട് കെ. നാരായണ പറഞ്ഞു.

ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കെ.വി.എന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.

content highlights: Yash 19; Directed by Geethu Mohandas, the film starring rocking star Yash;  Title released