എക്സിനെതിരായ ക്രിമിനല്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്
Trending
എക്സിനെതിരായ ക്രിമിനല്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 8:55 pm

പാരീസ്: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള എക്സിനെതിരായ ക്രിമിനല്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്. പ്ലാറ്റ്‌ഫോം അല്‍ഗോരിതങ്ങളെ ഫ്രാന്‍സിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനായാണ് അന്വേഷണം.

വിദേശ ഇടപെടലിനായി അല്‍ഗോരിതങ്ങള്‍ കൃത്രിമം കാണിച്ചുവെന്ന പരാതികളില്‍ എക്സിനും കമ്പനി എക്‌സിക്യൂട്ടീവുകള്‍ക്കുമെതിരെയും അന്വേഷണം നടത്തുമെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്കുവാ പറഞ്ഞു. മസ്‌ക്കിന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രോസിക്യൂട്ടറുടെ പ്രസ്താവന.

2025 ജനുവരിയിലാണ് എക്‌സ് പ്ലാറ്റ്ഫോമിനെതിരെ ഫ്രാന്‍സില്‍ പരാതി ഉയര്‍ന്നത്. നിലവില്‍ ജനുവരിയില്‍ ഫയല്‍ ചെയ്ത രണ്ട് പരാതികളിലാണ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചത്. നിയമസഭാംഗമായ എറിക് ബോത്തോറലാണ് എക്സിനെതിരെ ആദ്യം പരാതിപ്പെട്ടത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ സെന്‍ട്രിസ്റ്റ് എന്‍സെംബിള്‍ പാര്‍ട്ടിയിലെ അംഗമാണ് എറിക്. എക്‌സ് പ്ലാറ്റ്ഫോമിലെ ഓപ്ഷനുകളുടെ വൈവിധ്യ കുറവ് അപകടകരമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു എറിക്കിന്റെ പരാതി.

‘ഫ്രാന്‍സിന്റെ ജനാധിപത്യത്തിന് എക്‌സ് അപകടവും ഭീഷണിയും ഉയര്‍ത്തുന്നു,’ എറിക് പരാതിയില്‍ പറഞ്ഞു. എറിക്കിന്റെ പരാതി ഫ്രാന്‍സില്‍ വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

എറിക്കിന് പിന്നാലെ ഒരു സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ് എക്സിനെതിരെ പരാതിപ്പെട്ടത്. ഫ്രാന്‍സിലെ ജനാധിപത്യ ചര്‍ച്ചകളെ എക്‌സ് അല്‍ഗോരിതങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതെന്നാണ് വിവരം.

വംശീയവും സ്വവര്‍ഗാനുരാഗപരമായ ഉള്ളടക്കങ്ങളെയാണ് എക്‌സ് അല്‍ഗോരിതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് പുറമെ ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കളായ തിയറി സോതറും പിയറി ജൗവെറ്റും എക്‌സിന്റെ ഗ്രോക്കിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഗ്രോക് ജൂതവിരുദ്ധ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇരുവരും പരാതി നല്‍കിയത്. ഫാസിസ്റ്റ് നേതാവായ അഡോള്‍ഫ് ഹിസ്റ്റലറെ ഗ്രോക് പ്രശംസിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരാതിക്ക് പിന്നാലെ വിദ്വേഷപരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി മോഡല്‍ അപ്‌ഡേറ്റ് വരുത്തിയിട്ടുണ്ടെന്ന് ഗ്രോക് ടീം പ്രതികരിച്ചു. യൂസേഴ്‌സിന്റെ ആവശ്യകത അനുസരിച്ചാണ് ഗ്രോക് പ്രവര്‍ത്തിക്കുന്നതെന്ന് മസ്‌ക്കും പറഞ്ഞു.

എക്‌സ് വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ആണ് ഗ്രോക്ക്.

അതേസമയം യൂറോപ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, എക്‌സ് ഉള്‍പ്പെടെയുള്ള സമാനമായ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ മേഖലയിലുടനീളമായി വ്യാപകമായി പരാതി ഉയരുന്നുണ്ട്. ഭൂരിഭാഗം പരാതികളിലും എക്‌സ് അടക്കമുള്ള കമ്പനികള്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാണ് പറയുന്നത്.

Content Highlight: France opens criminal investigation into X.COM