ദലിത് സ്ത്രീയെ വ്യാജ മോഷണക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച സംഭവം; എസ്.എച്ച്.ഒക്ക്‌സ്ഥലംമാറ്റം
Kerala News
ദലിത് സ്ത്രീയെ വ്യാജ മോഷണക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച സംഭവം; എസ്.എച്ച്.ഒക്ക്‌സ്ഥലംമാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2025, 9:33 pm

തിരുവനന്തപുരം: ദലിത് സ്ത്രീയായ ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ എസ്.എച്ച്.ഒക്കെതിരെ നടപടി. എസ്.എച്ച്.ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോടേക്കാണ് എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥന്‌ വീഴ്ച്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ദിവസങ്ങള്‍ക്ക് മുമ്പ് പേരൂര്‍ക്കട എസ്.ഐ പ്രസാദിനെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

500 രൂപ ദിവസക്കൂലിക്ക് വീട്ടുജോലി ചെയ്തിരുന്ന വീട്ടിലെ മാല കാണാനില്ല എന്ന പരാതിയെത്തുടര്‍ന്നാണ് ഏപ്രില്‍ 23ന് ദലിത് യുവതിയായ ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്.

ഒരു രാത്രി മുഴുവന്‍ ബിന്ദുവിനെ സ്റ്റേഷനില്‍ തടവില്‍വെച്ച് പൊലീസ്, അവരെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയിരുന്നില്ല. ഒടുവില്‍ മാലഅവര്‍ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തിയപ്പോഴാണ് ഇവരെ പൊലീസ് വെറുതെ വിട്ടത്.

സ്റ്റേഷനില്‍വെച്ച് കടുത്ത മനുഷ്യാവകാശലംഘനമാണ് ബിന്ദു നേരിട്ടത്. രാത്രി വനിത പൊലീസെത്തി വിവസ്ത്രയാക്കി പരിശോധന നടത്തിയെങ്കിലും ഒന്നു കണ്ടെത്താന്‍ സാധിച്ചില്ല.  സ്റ്റേഷനിലുള്ള സമയത്താകട്ടെ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് സി.ഐയും എസ്.ഐയും അവരോട് പറഞ്ഞതെന്ന് ബിന്ദു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് രാത്രിയോടെ ബിന്ദു താമസിക്കുന്ന പനവൂര്‍ ആട്ടുകാല്‍ തോട്ടരികത്തു വീട്ടില്‍ എത്തിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.

ഒടുവില്‍ കൗമാരക്കാരായ മക്കളോടൊപ്പം ഭര്‍ത്താവ് പ്രദീപനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞു. അനുവദിക്കാത്തതിന് അവരുടെ മുന്നില്‍വെച്ചും അസഭ്യവര്‍ഷം തുടര്‍ന്നു. കുടുംബത്തോടൊപ്പം കേസില്‍ കുടുക്കുമെന്നായി പിന്നെ പൊലീസിന്റെ ഭീഷണി.

 പുലര്‍ച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഒടുവില്‍ രാവിലെയായപ്പോള്‍ ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമ ഓമന സ്റ്റേഷനിലെത്തി മാല വീട്ടില്‍ നിന്ന് കിട്ടിയതായി പറഞ്ഞപ്പോഴാണ് പൊലീസ് വിട്ടയച്ചത്‌.

Content Highlight: wrongful detention of Dalit woman in Peroorkkada Police station; SHO transferred