എഡിറ്റോറിയൽ എഴുതി അരമനയിൽ പോയി പ്രാർത്ഥിച്ചാൽ പ്രശ്നപരിഹാരമുണ്ടാകില്ല: വി. ശിവൻകുട്ടി
Kerala
എഡിറ്റോറിയൽ എഴുതി അരമനയിൽ പോയി പ്രാർത്ഥിച്ചാൽ പ്രശ്നപരിഹാരമുണ്ടാകില്ല: വി. ശിവൻകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th July 2025, 10:45 am

തിരുവനന്തപുരം: ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാത്ത ബിഷപ്പുമാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി. പ്രധാനമന്ത്രിമാരുടെ മുന്നിൽ പോയി പരാതി പറയാനുള്ള ധൈര്യം തിരുമേനിമാർക്കില്ലെന്നും ദീപികയില്‍ എഡിറ്റോറിയൽ എഴുതി അരമനയിൽ പോയി പ്രാർത്ഥിച്ചാൽ പ്രശ്നപരിഹാരമുണ്ടാകില്ലെന്നും മന്ത്രി വിമർശിച്ചു.

‘രണ്ട് കന്യാസ്ത്രീകളെ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തു. അവർ എന്ത് തെറ്റാണ് ചെയ്തത്? ഇനി തെറ്റ് ചെയ്തെങ്കിൽ അവർ നിയമത്തിന്റെ മുന്നിൽ ശിക്ഷിക്കപ്പെടുമെന്നുള്ള കാര്യത്തിൽ സംശയമില്ല. പക്ഷേ നമ്മുടെ രാജ്യത്ത് അറസ്റ്റ് ചെയ്യുന്നതിൽ ഒരു നിയമമില്ലേ? സകലമാന നിയമങ്ങളും ഭരണഘടനയിൽ പറയുന്ന കാര്യങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ രണ്ട് കന്യാസ്ത്രീമാരെ ഘോഷയാത്രയോടുകൂടി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.

സംഭവത്തിൽ ഒരു തിരുമേനിമാരുടെയും പ്രതിഷേധം കണ്ടില്ല. അവരെല്ലാം സ്ഥാനമാനങ്ങള്‍ ഉറപ്പിച്ചുമുന്നോട്ടുപോവുകയാണ്. ബാക്കി പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെയെന്ന നിലയിലായിരിക്കും എടുത്തിട്ടുള്ളത്.

എഡിറ്റോറിയൽ എഴുതി അരമനയിൽ പോയി പ്രാർത്ഥിച്ചാൽ പ്രശ്നം തീരുമോ? രാജ്യത്തകെ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും പൂർണമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയോട് ചെന്ന് ഞങ്ങൾക്ക് ഇങ്ങനെയെല്ലാം ഒരു ബുദ്ധിമുട്ട് ഉണ്ടെന്ന് പരാതി പറയാനുള്ള ധൈര്യം പോലും ഈ തിരുമേനിമാർ കാണിക്കുന്നില്ല,’ അദ്ദേഹം വിമർശിച്ചു.

ഛത്തീസ്‌ഗഡിൽ രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായതിന് പിന്നാലെ ദീപിക എഡിറ്റോറിയലിലൂടെ വിമർശനം ഉയർത്തിയിരുന്നു.

വർഗീയവാദികളുടെ കങ്കാരു കോടതികൾ മത ന്യൂനപക്ഷങ്ങളെ തെരുവിലും ട്രെയിനിലുമടക്കം വിചാരണ ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും മത തീവ്രവാദ ശക്തികൾ ആയുധങ്ങളുമായി കടന്ന് കയറി അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും ലേഖനത്തിൽ പറയുന്നു.

ക്രിസ്തുമസും ഈസ്റ്ററും പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘപരിവാറിന്റെ ഔദാര്യം വേണമെന്ന സ്ഥിതിയിലായി കഴിഞ്ഞിരിക്കുന്നുവെന്നും ദീപിക എഡിറ്റോറിയലിൽ പറയുന്നുണ്ട്.

എഡിറ്റോറിയൽ എഴുതിയാൽ മാത്രം പോരെന്നും ശക്തമായി വിമർശിക്കണമെന്നും പ്രതികരിക്കണമെന്നുമാണ് സഭാ നേതാക്കന്മാർക്കെതിരെ വിമർശനവുമായെത്തിയ വി.ശിവൻകുട്ടി പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗിൽ വെച്ച് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്.

സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.

ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്. പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

 

Content Highlight: Writing an editorial and going to the palace and praying will not solve the problem: V Sivankutty