സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം
World News
സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2022, 9:30 pm

ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റുഷ്ദിക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വേദിയിലിരുന്ന റുഷ്ദിക്ക് നേരെ അക്രമി പാഞ്ഞടുത്തുവെന്നും അദ്ദേഹത്തെ ഇടിക്കുകയും കുത്തുകയും ചെയ്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ റുഷ്ദി വേദിയില്‍ വീഴുകയായിരുന്നു.

ആക്രമിച്ചയാളെ പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റുഷ്ദി ആക്രമിക്കപ്പെട്ട ശേഷം വേദിയിലുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുന്നതായുള്ള വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

75കാരനായ റുഷ്ദിയുടെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികള്‍ വരാറുണ്ട്. വിവാദമായ The Satanic Verses എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് ശേഷമായിരുന്നു വധഭീഷണികള്‍ വരാന്‍ തുടങ്ങിയത്.

ഈ പുസ്തകം ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു.

1981ലെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ അടക്കമുള്ള വിഖ്യാതമായ കൃതികളുടെ രചയിതാവാണ് ബുക്കര്‍ പ്രൈസ് ജേതാവായ റുഷ്ദി. ഇന്ത്യന്‍- ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യു.എസിലാണ് താമസിക്കുന്നത്.

Content Highlight: Writer Salman Rushdie attacked in New York