ഇ.ഡി. ഐസക്കിനോട് ചെയ്യുന്നത് തെറ്റാണെന്ന് സതീശന്‍ പറഞ്ഞു; സുധാകരന്‍ അടക്കമുള്ളവര്‍ പതിവുപോലെ ബി.ജെ.പിയുടെ ഒപ്പമാണോ? എം.എ. ബേബി
Kerala News
ഇ.ഡി. ഐസക്കിനോട് ചെയ്യുന്നത് തെറ്റാണെന്ന് സതീശന്‍ പറഞ്ഞു; സുധാകരന്‍ അടക്കമുള്ളവര്‍ പതിവുപോലെ ബി.ജെ.പിയുടെ ഒപ്പമാണോ? എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2022, 9:09 pm

തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് എം.എ. ബേബി.

തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡി നടപടിയെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എ. ബേബി ചോദ്യം ചെയ്തത്.

തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കാന്‍ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും പത്തുകൊല്ലം കേരളത്തിന്റെ ധനമന്ത്രിയായിരുന്ന ഐസക്കിനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണ് ഇ.ഡി നടപടിയെന്നും എം.എ. ബേബി പറഞ്ഞു.

തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡി നടപടി കേരള ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ എം.എ. ബേബി, ഐസക്കിനെ അപമാനിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കി.

തോമസ് ഐസക്കിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെക്കുറിച്ചും എം.എ. ബേബി പോസ്റ്റില്‍ പരാമര്‍ശിച്ചു.

”സാധാരണയായി കേരളത്തിലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ കളികള്‍ക്കും ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തില്‍ സഖാവ് ഐസക്കിനോട് ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞത് നന്നായി. പ്രതിപക്ഷ നേതാവിന്റെ മാത്രം അഭിപ്രായമാണോ, കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പതിവുപോലെ ബി.ജെ.പിയുടെ ഒപ്പം നില്‍ക്കുമോ എന്നതൊക്കെ കണ്ടറിയണം,” എം.എ. ബേബി പറഞ്ഞു.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിനെതിരെ തോമസ് ഐസക് നല്‍കിയ ഹരജി ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ബുധനാഴ്ച വരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇ.ഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഐസക് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

തോമസ് ഐസകിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തോമസ് ഐസക് പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇ.ഡി അറിയിച്ചു. എന്നാല്‍ നിലവില്‍ എന്നെ കുറ്റാരോപിതനായിട്ടാണ് ഇ.ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനായിരുന്നു തോമസ് ഐസകിന് ലഭിച്ച നോട്ടീസ്. ഇത് രണ്ടാം തവണയാണ് ഇ.ഡി തോമസ് ഐസകിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.

എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സഖാവ് തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കാന്‍ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണ്. പത്തുകൊല്ലം കേരളത്തിന്റെ ധനമന്ത്രിയായിരുന്ന ഡോ. ഐസക്ക് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണിത്.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും കേരളത്തിലെ പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലത്തെ സ്ഥാനവുമുള്ള ഐസക്കിനെ അപമാനിക്കാനുള്ള ശ്രമം കേരളീയരുടെ മുന്നില്‍ അങ്ങനെ വിലപ്പോവില്ല. കേരള ഹൈക്കോടതി ഈ നീക്കത്തെ താല്‍ക്കാലികമായി തടഞ്ഞത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.

ഇന്ത്യയിലെ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്ന നേതാവ് എന്ന നിലയിലാണ് സഖാവ് തോമസ് ഐസക്കിനെ ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്നത്. ഇത് വ്യക്തിപരമായ ഒരു കാര്യമല്ല. ഇന്ന് ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയത്തിന് ബദല്‍ ആശയം അവതരിപ്പിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാണ്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിഞ്ഞ കുറേനാളായി ശ്രമം നടന്നുവരുന്നു. അതിന്റെ ഭാഗമാണ് ഇ.ഡിയുടെ രംഗപ്രവേശം.

സാധാരണയായി കേരളത്തിലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ കളികള്‍ക്കും ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തില്‍ സഖാവ് ഐസക്കിനോട് ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞത് നന്നായി. പ്രതിപക്ഷ നേതാവിന്റെ മാത്രം അഭിപ്രായമാണോ, കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പതിവുപോലെ ബി.ജെ.പിയുടെ ഒപ്പം നില്‍ക്കുമോ എന്നതൊക്കെ കണ്ടറിയണം.

ഇ.ഡി, സി.ബി.ഐ എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷത്തെയാകെ തകര്‍ക്കാം എന്ന് ബി.ജെ.പി കരുതുന്നത് അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായതിനാലാണ്.

Content Highlight: MA Baby Facebook post supporting Thomas Isaac in Enforcement Directorate questioning