ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും: ബെന്യാമിന്‍
Entertainment news
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും: ബെന്യാമിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th October 2022, 12:08 pm

ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയഹേയെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് ജയ ജയ ജയ ജയഹേയില്‍ അഭിനയിച്ച താരങ്ങളെയും സംവിധായകനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് ബെന്യാമിന്‍ കുറിപ്പ് പങ്കുവെച്ചത്.

ജയ ജയ ജയ ജയഹേയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണമെന്ന് പറയുന്ന ബെന്യാമിന്‍, സിനിമ കണ്ട് ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും എന്നും തന്റെ പോസ്റ്റില്‍ തമാശരൂപേണ ചോദിക്കുന്നുണ്ട്.

ബേസില്‍, ദര്‍ശന എന്നിവരടക്കമുള്ളവരുടെ പ്രകടനത്തെ പ്രത്യേകം പരാമര്‍ശിക്കുന്ന കുറിപ്പില്‍ സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങളും നേരുന്നുണ്ട്.

”ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചുചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും?

എന്തായാലും തിയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചുമറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ സൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍.

സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍,” ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ബേസില്‍ ജോസഫ് കമന്റുമായി എത്തിയിട്ടുണ്ട്. ലവ് റിയാക്ഷനാണ് ബെന്യാമിന്റെ പോസ്റ്റിന് ബേസില്‍ നല്‍കിയിരിക്കുന്നത്.


ജയ എന്ന ടൈറ്റില്‍ ക്യാരക്ടറായാണ് ചിത്രത്തില്‍ ദര്‍ശന എത്തുന്നത്. ജയയുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ജയയുടെ ഭര്‍ത്താവായ രാജേഷിന്റെ റോളിലാണ് ബേസില്‍ ചിത്രത്തിലെത്തുന്നത്.

ജയ ജയ ജയ ജയഹേയുടെ മുമ്പ് പുറത്തുവന്ന ടീസറും ട്രെയ്‌ലറും പ്രൊമോഷണല്‍ സോങ്ങുമെല്ലാം വൈറലായിരുന്നു.

Content Highlight: Writer Benyamin appreciate the team of the movie Jaya Jaya Jaya Jaya Hey