നല്ല കാശ് കിട്ടുന്ന പരിപാടിയാണ്, പക്ഷേ സായ് പല്ലവി അത് ചെയ്യില്ല; കാറോ ഡയമണ്ടോ എന്ത് വേണമെങ്കിലും അവര്‍ക്ക് വാങ്ങിക്കൂട്ടാം, പക്ഷേ വാങ്ങില്ല: ഐശ്വര്യ ലക്ഷ്മി
Movie Day
നല്ല കാശ് കിട്ടുന്ന പരിപാടിയാണ്, പക്ഷേ സായ് പല്ലവി അത് ചെയ്യില്ല; കാറോ ഡയമണ്ടോ എന്ത് വേണമെങ്കിലും അവര്‍ക്ക് വാങ്ങിക്കൂട്ടാം, പക്ഷേ വാങ്ങില്ല: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th October 2022, 11:18 am

നടി സായ് പല്ലവിയുമായുള്ള ബന്ധത്തെ കുറിച്ചും താന്‍ ഏറെ ബഹുമാനിക്കുന്ന അവരുടെ നിലപാടുകളെ കുറിച്ചുമെല്ലാം മനസുതുറന്ന് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് എന്നും പ്രചോദനമാണ് സായ് പല്ലവിയെന്നും പലപ്പോഴും അവരുടെ നിലപാടുകള്‍ കണ്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നുമാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. പണത്തിനോട് ഇത്ര താത്പര്യമില്ലാത്ത ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും അവര്‍ക്ക് അത് ആവശ്യമില്ലെന്നും ഐശ്വര്യ പറഞ്ഞു.

‘ പല്ലവി എടുത്തിട്ടുള്ള ഒരുപാട് നിലപാടുകളുണ്ട്. ഒരു ഫെയര്‍നെസ് ക്രീമിന്റെ പരസ്യം. നല്ല കാശ് കിട്ടുന്ന പരിപാടിയാണ്. പക്ഷേ അവര്‍ അത് വേണ്ടെന്ന് വെച്ചു. എനിക്ക് തോന്നുന്നില്ല അവര്‍ ഏതെങ്കിലും ഒരു ബ്രാന്‍ഡിന് വേണ്ടി പരസ്യം ചെയ്തിട്ടുണ്ടെന്ന്. പരസ്യം മാത്രമല്ല ഈ പറയുന്ന ഷോപ്പ് ഉദ്ഘാടനം പോലെയുള്ള പരിപാടികള്‍ക്കൊന്നും അവര്‍ പോകാറില്ല.

കാശിനോട് ഒരു താത്പര്യവുമില്ലാത്ത വ്യക്തി. അവര്‍ക്ക് വേണമെങ്കില്‍ വലിയ വലിയ കാറുകള്‍ വാങ്ങിക്കാം. ഡയമണ്ട്‌സ് വാങ്ങിക്കൂട്ടാം. ഒന്നും ചെയ്യാറില്ല. മിക്കവാറും ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് കാണാറ്. അപ്പോഴക്കൊക്കെ എനിക്ക് മോട്ടിവേഷണല്‍ ടോക്ക് തരുക എന്നതാണ് പുള്ളിക്കാരിയുടെ മെയിന്‍ പരിപാടി (ചിരി).

അത്തരത്തില്‍ എനിക്ക് ഭയങ്കര സപ്പോര്‍ട്ടാണ്. ഗാര്‍ഗിയില്‍ അഭിനയിക്കുന്ന സമയത്ത് എല്ലാവരോടും ബഹുമാനവും അനുകമ്പയുമൊക്കെയാണ്. താരജാഡയൊന്നുമില്ലാത്ത വ്യക്തിയാണ് പല്ലവി. ഗാര്‍ഗിയില്‍ അഭിനയിക്കുന്ന സമയത്ത് രാവിലെ മുതല്‍ വൈകീട്ട് വരെ ഇരുന്നിട്ടും ഷോട്ടിന് വിളിക്കാത്ത അവസ്ഥയൊക്കെ വന്നിട്ടുണ്ട്. വേറെ ഷൂട്ട് നടക്കുന്നതുകൊണ്ടും മറ്റും.

എനിക്കാണെങ്കില്‍ ഷോട്ടിന് അധികം കാത്തിരിക്കാന്‍ പറ്റില്ല. ടെന്‍ഷന്‍ ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കും. പക്ഷേ പല്ലവിയെ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇത്രയും വലിയ സ്റ്റാറാണ്. വിശാഖപട്ടണത്തൊക്കെ ഇവര്‍ വരുന്നു എന്ന് കേട്ടാല്‍ ജനസാഗരമാണ്. അത്രയ്ക്ക് ഇഷ്ടമാണ് ആളുകള്‍ക്ക് അവരെ. പക്ഷേ ഒരു താരജാഡയുമില്ല. അത്രയ്ക്ക് നല്ല ഹ്യൂമണ്‍ബീങ് ആണ്.

കാശിനോട് അവര്‍ക്ക് ആര്‍ത്തിയില്ല എന്ന് മാത്രമല്ല കാശ് അവര്‍ക്ക് ആവശ്യം പോലുമില്ല. നമുക്ക് ചെറിയ ചെറിയ ആവശ്യങ്ങളല്ലേയുള്ളൂ എന്നാണ് പറയാറ്. ഞാന്‍ ചോദിച്ചിട്ടുണ്ട് എന്താണ് കാര്‍ ഒന്നും വാങ്ങിക്കാത്തതെന്ന്. ഇപ്പോഴും ഒരു റെഡ് സ്വിഫ്റ്റ് കാറാണ് അവര്‍ ഉപയോഗിക്കുന്നത്, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi about sai pallavi and her Kindness